12/08/2026
എം.പി. പരമേശ്വരൻ : അതിന്നുമപ്പുറം അതിന്നുമപ്പുറം
E D Davis
എം.പി. പരമേശ്വരൻ എന്ന വ്യക്തി എന്തായിരുന്നു ? മഹനായ ശാസതപ്രചാരകൻ ? , ഇന്ത്യയിലെ ജനകീയ ശാസ്തപ്രസ്ഥാനങ്ങളുടെ ശൃംഖലയുടെ സ്ഥാപകനും നായകനും ? ഇന്ത്യയിൽ സാക്ഷരതയും പൗരബോധവും വളർത്തുന്നതിനായി അക്ഷീണം യത്നിച്ച ജനകീയ വിദ്യാഭ്യാസാസൂത്രകൻ , വിഖ്യാത ശാസ്ത്രസാഹിത്യകാരൻ? ആരെയും വിസ്മയിപ്പിക്കുന്ന ശാസ്‌ത്രസാഹിത്യാസൂത്രകൻ ? ജനകീയബദൽ സാങ്കേതിവിദ്യകളുടെ അന്വേഷകനും ,ആസൂത്രകനും ആവിഷ്‌കർത്താവും ? മാർക്സിസ്റ്റു ചിന്തകൻ? ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് ? നാടിനു ചേർന്ന വികസനാ സൂത്രകൻ? ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് എന്ന ആശയത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിലൂടെ ആവിഷ്‌കരിച്ച മഹനായ സംഘാടകൻ ? മാർക്സിസ്റ്റ് വിജ്ഞാനസാഹിത്യ ശാഖക്ക് ഉന്നതമായ സംഭാവന നൽകിയ ഇന്ത്യാക്കാരൻ? ഇങ്ങനെ എന്തെല്ലാം പറയാം. ഇതൊന്നും കടന്നു പറച്ചിലോ തള്ളുകഥയോ അല്ലെന്ന് എം.പി.യെ അറിയാൻ ശ്രമിച്ചവർക്കെല്ലാം അറിയാം.
ഞാനിപ്പറഞ്ഞതു മാത്രമാണോ എം.പി.? ആരെയും വിസ്മയിപ്പിക്കുന്ന ഹിമാലയൻ കർമ്മനിരതത്വം അദ്ദേഹത്തിൽ ഉണ്ടായിരുന്നില്ലേ? പ്രത്യുൽപന്നമതിത്വം? സമയനിഷ്ഠ പാലിച്ച് യന്ത്രത്തെ പോലും തോല്പിച്ചു പ്രവർത്തിക്കുന്ന മറ്റൊരു മനുഷ്യനെ നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടോ? അത്യപാരമായ ശാസ്ത്രബോധവും, ഭൗതികചിന്താ നിപുണതയും ഗണിതയുക്തികളും , ജനപക്ഷചിന്തയും ഉള്ള സമർപ്പിത സാമൂഹികജീവിതാസൂത്രകൻ എന്നു വിശേഷിപ്പിച്ചാൽ അതിൽ അതിശയോക്തിയുണ്ടോ? കേരളത്തിൻ്റെ വിദ്യാഭ്യാസരംഗത്ത് ഇടപെടുകയും അധ്യാപകരെ നിരന്തരം പരിശീലിപ്പിക്കുകയും ചെയ്ത നാനാവിധ പദ്ധതികളുടെ ആവിഷ്‌കർത്താർവ് ആയിരുന്നില്ലേ അദ്ദേഹം? അന്തർ വൈജ്ഞാനികതയുടെ പാഠങ്ങൾ അക്കാദമിക സമൂഹത്തിൽ വ്യാപിപ്പിച്ച ചിന്തകൻ ? സ്വാശ്രയത്വം എന്ന സോഷ്യലിസ്റ്റ് സങ്കല്പത്തിൻ്റെ പ്രയോക്താവ് ? സ്ത്രീസമത്വ ചിന്തകളുടെ പ്രയോക്താവ് ? എം.പി.യുടെ അടുക്കളയും അദ്ദേഹത്തിലെ പാചകക്കാരനും എത്രമാത്രം സവിശേഷതയാർന്നതാണ് ? പറയുന്നതിനോട് 100 ശതമാനവും കൂറു പുലർത്തിയ അദ്ദേഹത്തെപ്പോലെ മറ്റൊരാളെ ഈ സമകാലിക പരിസരത്ത് കണ്ടുമുട്ടാനാകുമോ?
കേരളത്തിൻ്റെ സമ്പത്ത് എന്ന പുസ്തകത്തിൻ്റെ ആസൂത്രകനുഠ സംയോജകനും പ്രചാരകനും എന്ന നിലയിൽ 1977 ൽ എം.പി. ചെയ്ത സേവനം കേരളീയ വികസനാസൂത്രകർക്ക് മറക്കാനാകുമോ ? തുടർന്നിങ്ങോട്ട്, എം.പി. എഴുതിയ പ്രോജക്ടുകളും പ്രബന്ധങ്ങളും , രൂപരേഖകളും, ലഘുലേഖകളും എത്രയെത്ര ? എട്ടാം പഞ്ചവത്സര പദ്ധതിക്ക് ബദൽ ചിന്തകൾ ഉണ്ടാക്കിയത്. ഒമ്പതാം പദ്ധതി ജനകീയമാക്കി ആസൂത്രണം ചെയ്തത്. അധികാര വികേന്ദ്രീകരണം സാർത്ഥകമാക്കാൻ നടത്തിയ നിരന്തരമായ ഇടപെടലുകൾ. വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തെ മുന്നിൽ നിന്നു നയിച്ചവൻ. ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ മുഖ്യാസൂത്രകൻ.
അതിനുമുമ്പേ എറണാകുളം സക്ഷരാതാ പദ്ധതിക്കും , തുടർന്ന് 1990 ൽ സമ്പൂർണ്ണ സാക്ഷര കേരളം പദ്ധതിക്കും നേതൃത്വം നൽകിയ വിദഗ്ദ്ധൻ, പാലക്കാട് മുണ്ടൂർ IRTC യെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച അതിൻ്റെ അമരക്കാരൻ .സംഘടനാ പ്രവർത്തനത്തിൽ ആദർശാധിഷ്ഠിതവും വിജ്ഞാനവ്യാപന ബദ്ധവുമായ ശൈലിയുടെയും സംസ്കാരത്തിൻ്റെയും ഉദ്ഗാതാവ്. ഇതിലൊക്കെ പി.ടി ഭാസ്‌കരപ്പണിക്കർക്കും മററും ഉള്ള പങ്കും മറന്നിട്ടല്ല ഇതെഴുതുന്നത്.
സോവിയറ്റ് സോഷ്യലിസ്റ്റു ചേരിയും മററും തകർന്നു വീഴുമ്പോൾ ജനാധിപത്യപരമായ ബദലുകൾ വളർത്താൻ നടത്തിയ സൈദ്ധാന്തികവും പ്രായോഗികവുമായ ഇടപെടലുകൾ.സാമ്രാജ്യത്വാഗോളീകരണത്തിൻ്റെ ബദൽ അന്വേഷകൻ എന്ന നിലയിൽ ചെയ്ത സംഭാവനകൾ. ഇതിനെ തുടർന്നെല്ലാം അദ്ദേഹ o മുന്നോട്ടു വച്ച ചിന്തകളെ നാലാം ലോക വാദക്കാരൻ എന്നു പറഞ്ഞ് നടത്തിയ സാമ്പ്രദായിക മാർക്സിസ്റ്റുകളുടെയും പുരോഗമന വാദക്കാരുടെയും ആക്ഷേപങ്ങൾ ഉണ്ടായെങ്കിലും അതിനെ ഒട്ടും കൂസാതെ മുന്നോട്ടു പോയി 90 -ാം വയസിലും അതുമായി ബന്ധപ്പെട്ട പത്തുപുസ്തകങ്ങൾ രചിച്ച അത്ഭുതമനുഷ്യ പ്രയത്ന ശാലി. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കാലത്തും ശാസ്‌ത്രപ്രചാരകർക്ക് ഒരുപാട് ചെയ്യാനുണ്ട് എന്ന് നിരന്തരം ഉദ്ബോധിപ്പിച്ച ക്ഷീണിക്കാത്ത മനീ ഷി .ഇങ്ങനെ ഇനിയും എം.പിയെ കുറിച്ചു പറയാനുണ്ട്.
കണ്ടുമുട്ടിയ ഓരോരുത്തർക്കും എം.പി. പലതാണ്. ആരെയും ബദൽ ചിന്തകനും കർമ്മനിരതനും ആക്കാനുള്ള എം.പിയുടെ വൈഭവം അത്യപാരമാണ്. അതുകൊണ്ട് അദ്ദേഹത്തിൻ്റെ കണ്ണിൽ പെടാതെ നോക്കാൻ പല അനുയായികളും കഴിയ്ക്കുന്ന പെടാപാട് ഞാൻ കണ്ടിട്ടുണ്ട്. എന്തെങ്കിലും ഒരു ഉചിതമായ പണി കൊടുക്കാതെ എം.പി. ആരെയും വിടാറില്ല. പ്രത്യേകിച്ച് വിമർശനവുമായി ചെല്ലുന്നവർക്ക് പ്രതിരോധ പദ്ധതിചിന്തകളുമായല്ലാതെ മടങ്ങാനാകില്ല. എന്തിനും ഏതിനും കുറ്റം മാത്രം പറയുന്ന , വെറും വാചകമടിക്കാർക്ക് എം.പി. ഒന്നുകിൽ കടുത്ത ശത്രുവാകും അല്ലെങ്കിൽ ക്രിയാത്മക ബദലുകളുടെ പര്യാലോചകനായി മാറിയിട്ടുണ്ടാകും എന്നുറപ്പാണ്. അതാണ് എം.പിയുടെ ശൈലി. ഇടപെട്ടിട്ടുള്ള, വെറും കക്ഷിരാഷ്ട്രീയ വിമർശകർക്ക് എം.പി. യോട് ശത്രുത ഉണ്ടാകാനേ വഴിയുള്ളൂ.
സാമ്പ്രദായികമായ അർത്ഥത്തിൽ എം.പി. പ്രസംഗകനോ പ്രഭാഷകനോ അല്ല. കാര്യമാത്രപ്രസക്തമായേ സംസാരിക്കൂ. പൊലിപ്പിച്ചോ പർവ്വതീകരിച്ചോ സംസാരിക്കുന്ന രീതി അദ്ദേഹത്തിനില്ല. പ്രവൃത്തിയിലാണ് കാര്യം. ശാസ്ത്രം പ്രവർത്തനത്തിനുള്ള വഴി കാട്ടിയാണ്. ശാസ്‌ത്രത്തെയും യുക്തി ചിന്തയേയും ആധാരമാക്കിയുള്ള വാചകമടിക്കാരോടും എം.പിക്ക് സമരസപ്പെടാനാകില്ല. ഒരു യോഗത്തിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തിൻ്റെ കയ്യിൽ സർവതല സ്പർശിയായ ഒരു കുറിപ്പുണ്ടാകും. അടിയന്തിരമായി ചെയ്യേണ്ടത്. ഹ്വസ്വകാല പ്രവൃത്തികൾ. ദീർഘകാലികമായി ചെയ്യേണ്ടത്. പങ്കെടുക്കാൻ പറ്റാത്ത യോഗത്തിലേക്കും അദ്ദേഹം ഇത്തരത്തിൽ കുറിപ്പുകൾ എത്തിച്ചിരിക്കും. ഇതാണ് എം.പിയൻ ശൈലിയുടെ ഒരു ഭാഗം.
എം.പിയൻ ശൈലിയുടെ മറ്റൊരു പ്രത്യേകത അത്യപാരമായ ലാളിത്യവും കർമ്മശേഷി പ്രവർദ്ധനവുമാണ്. മുൻവിധികളില്ലാത്ത പെരുമാററവും സഹകരണവുമാണ്. ആർക്കും അദ്ദേഹത്തെ സമീപിക്കാം. അദ്ദേഹം മാർക്സിസ്റ്റാണെങ്കിലും ഏതു തരം ഇസക്കാരനും അദ്ദേഹത്തെ സമീപിക്കാം. ആശയവിനിമയം നടത്താം. അത്യന്തം ലളിതമാണ് അദ്ദേഹത്തിൻ്റെ ഭാഷണവും പരിചരണവും. ഗാന്ധിയൻ സോഷ്യലിസത്തിൻ്റെ ഗുണങ്ങളും ഒത്തുചേർന്ന സവിശേഷതകൾ ആവ്യക്തിത്വത്തിലുണ്ട്. നിസ്വാർത്ഥമായി പ്രവർത്തിക്കാൻ സന്നദ്ധമായ ഏതു ഇസക്കാരനും അദ്ദേഹത്തിൻ്റെ മുന്നിൽ ഇരിപ്പിടമുണ്ട്. എം.പി.യുടെ കടുത്ത വിമർശകനും.
ശാസ്‌ത്രവും മാർക്സിസവും നൽകുന്ന പ്രത്യാശയുടെ പ്രഘോഷകനാണ് അദ്ദേഹം. കാലഹരണമില്ലാത്ത സ്വപ്നങ്ങൾ എന്ന് ആത്മകഥക്ക് പേരിടാൻ ആദ്യന്തം അത്യന്തം കർമ്മനിരതനായ ഈ മഹാമനീഷിക്കു മാത്രമേ സാധിക്കൂ. ഓരോരോ മനുഷ്യരെയും സ്വന്തം കാലിൽ സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും നിൽക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ അദ്ദേഹം നടത്തിയ ജാഗ്രത്തായ പരിശ്രമങ്ങൾ കേരളവും ഇന്ത്യയും അറിയുന്ന കാലം വരാതിരിക്കില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി തർജമയടക്കം 60 ൽ പരം പുസ്തകങ്ങളുടെ കർത്താവാണ് അദ്ദേഹം. മൂന്നു ദശകം മുമ്പേ തന്നെ പത്മശ്രീ ബഹുമതി യടക്കം പല സർക്കാർ ബഹുമതികളും വേണ്ടെന്നു വച്ച നിസ്വാർത്ഥ ജീവിതത്തിൻ്റെ ഉടമയാണ് അദ്ദേഹം.
മാലിന്യനിർമ്മാർജ്ജനത്തിന് ശുചിത്വകേരളം പദ്ധതിക്ക് ഊർജ കേരളം പദ്ധതിക്ക് എന്തെല്ലാം തരത്തിലുള്ള കാര്യങ്ങൾ അദ്ദേഹം ചെയ്തിരിക്കുന്നു. ജനകീയ വിദ്യാഭ്യാസ കമ്മിഷൻ.എത്രയോ അയിലേന്ത്യാ സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റികളിൽ അദ്ദേഹം പ്രവർത്തിച്ചിരിക്കുന്നു. പശ്ചിമ ബംഗാളിൽ ഒരു എഞ്ചീനീയറിങ് സർവകലാശാലയുടെ വി.സി. അങ്ങനെയങ്ങനെ ഓർക്കുമ്പോൾ ഒത്തിരിയൊത്തിരി.
എം.പി.യെ പറ്റി ഇനിയും എത്ര പറയാനിരിക്കുന്നു! എത്രയോ ശാസ്‌ത്രപ്രചാരകർക്ക് അദ്ദേഹം ആചാര്യനും രക്ഷിതാവും ആണെന്നോ? കേരളത്തിനെ നവകേരളമാക്കാൻ മുൻ നിരയിൽ നിന്ന് നയിച്ച പലർക്കും എംപിയായിരുന്നു മാർഗദീപം. ഇനിയുള്ള കേരളത്തിൻ്റെ മാതൃകപരമായ പ്രയാണത്തിലും അദ്ദേഹം കെടാവിളക്കായി ഒപ്പമുണ്ടാകും.
ഒരു കാര്യം കൂടി പറയട്ടേ. എം.പിയുടെ ധിഷണാപരമായ സത്യസന്ധതയാണത്. ഇന്നത്തെ ഇന്ത്യയിൽ ലോകത്തിൽ ഇല്ലാത്തതും അതുതന്നെയാണ്. ആണവശാസ്‌ത്രത്തിൽ അദ്ദേഹം നേടിയ അറിവ്. അതോടൊപ്പം തന്നെ സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് പരീക്ഷണം എങ്ങോട്ടു പോകുന്നു എന്നു നേരിട്ടറിഞ്ഞത്. തുടർന്ന് ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിൽ ജോലിയെടുക്കുന്നതിൻ്റെ വ്യർത്ഥതയും ജനവിരുദ്ധതയും തിരിച്ചറിഞ്ഞ് വമ്പൻ സൗകര്യവും പദവികളും പ്രതിഫലവും ഉള്ള ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയത്. ഇതെല്ലാം മുതൽ ഒടുക്കം മാർക്സ്റ്റിസ്റ്റു സംഘടനാ ശൈലിയുടെ പാപ്പരത്തവും ദാർശനികമായ ദുർബലാവസ്ഥകളും മനസ്സിലാക്കിയപ്പോൾ അതിൽ നിന്നു പ്രസ്ഥാനത്തെയും സമൂഹത്തെയും പുറത്തു കടത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഒറ്റപ്പെടലുകൾ . സഹപ്രവർത്തകരിൽ നിന്നുണ്ടായ ഒറ്റപ്പെടലുകൾ , സാമ്രാജ്യത്വ ചാരൻ എന്നു മുതൽ നാലാം ലോക വാദക്കാരൻ , മാർക്‌സിസ്റ്റു വ്യതിയാനക്കാരൻ എന്നിങ്ങനെ കേട്ട അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഇതെല്ലാം കാണിക്കുന്നത് അദ്ദേഹത്തിലെ ധൈഷണികമായ സത്യസന്ധതയുടെ ഔന്നത്യമാണ്. ഒരു യഥാർത്ഥ ശാസ്ത്രപ്രചാരകന് അത്തരക്കാരുടെ ആചാര്യന് വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയു o സത്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടുo അതിനനുസൃതമായ നിലപാടുകൾ സ്വീകരിച്ചു കൊണ്ടും മാത്രമേ ജീവിക്കാനാകൂ.
കാലഹരണമില്ലാത്ത സ്വപ്നങ്ങൾ തലയിലേറ്റി നടക്കുന്ന ഒരാൾക്കേ വളരെ ചിട്ടയായ സമയബന്ധിതമായ ജീവിതവും നയിക്കാനാകൂ. ഒരു താപസനെപ്പോലെ എന്നു പറയാമോ? ആ വാക്കിന് ഒരു പൂർത്തിയുണ്ടെങ്കിൽ അതിൽ എം പിയുടെ ജീവിതവും ചേർന്നുനിൽക്കണം.
ചുരുക്കി പറഞ്ഞാൽ വലിയ ജീവിത സൗകര്യങ്ങൾ ജീവിക്കാൻ ദെൽഹിയിൽ ഇടം ഉണ്ടായിട്ടും തിരുവനന്ത പുരത്ത് ഇടമുണ്ടായിട്ടും അദ്ദേഹം താൻ ജനിച്ചു വളർന്ന സ്വന്തം മണ്ണിലേക്കു തന്നെ കാൽ നൂറ്റാണ്ടു മുമ്പേ മടങ്ങി. എവിടെയും അദ്ദേഹം വി.ഐ.പി യായി നേതാവായി സൈദ്ധാന്തികനായി ബുദ്ധിജീവിയായി നടന്നില്ല. നിലകൊണ്ടില്ല. മണ്ണിൽ കാലുറപ്പിച്ച കുറിയ മനുഷ്യനായി അന്ത്യംവരെയും ജനപക്ഷത്തു നിന്ന വിജ്ഞാന സമൂഹാസൂത്രകനായി , ജനകീയവിജ്ഞാന പോരാളിയായി അദ്ദേഹം നവതി പിന്നിട്ട ജീവിതം അവസാനിപ്പിച്ചു എന്നു പറയുന്നതാകും ഉചിതം.
ഗാന്ധി പറഞ്ഞ തുപോലെ ജീവിതമാണ് സന്ദേശം .താൻ ചെയ്യുന്ന പ്രവൃത്തികൾ മറ്റൊരാൾക്ക് അനുവർത്തിക്കുവാൻ ഒട്ടും എളുപ്പമല്ല. അത്യന്തം ശ്രമകരമായതാണത് എന്നു ഗാന്ധി സൂചിപ്പിച്ചതു എം.പിക്കും ബാധകം .