Scube Super Sixes

Scube Super Sixes Six over softball cricket championship.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി രണ്ട് ഡബിൾ സെഞ്ചുറി നേടിയിട്ടും 23-ാം വയസ്സിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീ...
28/01/2021

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി
രണ്ട് ഡബിൾ സെഞ്ചുറി നേടിയിട്ടും 23-ാം വയസ്സിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ നിന്ന് പുറത്താകാനായിരുന്നു വിനോദ് കാംബ്ലിയുടെ വിധി. ഓർമ്മയുണ്ടോ നിങ്ങൾക്ക്, തല മുണ്ഡനം ചെയ്ത്, നിറഞ്ഞ ചിരിയോടെ സ്റ്റൈലിഷായി ഗ്രൗണ്ടിൽ എപ്പോഴും ഷൈൻ ചെയ്ത കാംബ്ലിയെ.

ഇന്ത്യൻ ടിവി സംസ്‍കാരം അത്ര വികാസം പ്രാപിക്കാതിരുന്നൊരു കാലത്തിന്റെ കരുതലായിരുന്നു കാംബ്ലി. നമ്മളൊക്കെ കാംബ്ലിയുടെ കേളിമികവ് കണ്ടാസ്വദിച്ചതിനേക്കാൾ കൂടുതൽ, അക്കാലത്തിറങ്ങിയ പത്രങ്ങൾ, സ്പോർട്സ് മാസിക എന്നിവയിലൂടെയാണ് ഈ മുംബൈകാരനെ കുറിച്ച് ഒരുപാടറിഞ്ഞത്. ആ അറിവാകട്ടെ, ക്രിക്കറ്റിന്റെ ദൈവത്തോടൊപ്പമാണ് എന്നും അവതരിപ്പിക്കപ്പെട്ടത്.

1988 ലാണ് കാംബ്ലി - സച്ചിൻ കൂട്ടുകെട്ട് ലോകശ്രദ്ധ നേടുന്നത്. മുംബൈയിൽ, ഹാരിസ് ഷീൽഡ് ടൂർണ്ണമെന്റിന്റെ സെമിഫൈനലിൽ കാംബ്ലി - സച്ചിൻ നേടിയ 664 റൺസിന്റെ കൂട്ടുകെട്ട് ലോകറെക്കോർഡായി. കോച്ച് രമകാന്ത് അജ്ജരേക്കറിന്റെ കീഴിൽ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ച കാംബ്ലി 1989-90 സീസണിലാണ് മുംബൈയ്ക്ക് വേണ്ടി ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ദേശിയടീമിലേക്കുള്ള വഴി തുറന്നു. 1991 ഷാർജയിൽ പാകിസ്താനെതിരെ അരങ്ങേറ്റം. '93 ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ പാഡണിഞ്ഞ വിനോദ്, തന്റെ രണ്ടാം ടെസ്റ്റിൽ ഇരട്ടശതകം നേടി ലോകത്തെ അമ്പരപ്പിച്ചു. പ്രതിഭയുടെ ധാരാളിത്തം 1992, 96 കാലങ്ങളിലെ ലോകകപ്പിൽ കളിയ്ക്കാൻ കാംബ്ലിക് അവസരം നൽകി. 96 ലെ ലോകകപ്പിൽ തന്റെ ബാറ്റിംഗ് മികവ്കൊണ്ട് മാത്രം സിംബാവെക്കെതിരായ മത്സരത്തിൽ ഇന്ത്യ വിജയതീരമണഞ്ഞു. സെമിഫൈനലിൽ ശ്രീലങ്കയോട് തോറ്റ് (മത്സരം ഉപേക്ഷിച്ചു. ലങ്കയെ വിജയികളായി പ്രഖ്യാപിച്ചു.) ഇന്ത്യ ടൂർണ്ണമെന്റിൽ നിന്നും പുറത്താകുമ്പോൾ ഓർമ്മയിൽ തങ്ങിനിൽക്കുന്ന കാഴ്ച കാംബ്ലിയുടെ കരച്ചിൽ തന്നെയായിരുന്നു.

ലോകകപ്പിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട വിനോദ് കാംബ്ലി പിന്നീടൊരിക്കലും ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടില്ല. എന്നിരുന്നാലും, എന്നും എവിടെയും ആരാധകഹൃദയങ്ങളിൽ കാംബ്ലിക്ക് ഒരു സ്ഥാനമുണ്ടായിരുന്നു. ഒരുകാലത്ത് സച്ചിനേക്കാൾ മികച്ചവൻ എന്ന് ക്രിക്കറ്റ് നിരൂപകർ വിലയിരുത്തിയ ഈ കളിക്കാരൻ എങ്ങും എത്താതെ പോയതിന്റെ പിന്നിലെ കളി എന്താണെന്ന് ഗാലറികൾക്ക് ഇന്നും അജ്ഞാതം. സച്ചിൻ എന്ന മഹാരഥന്റെ പേരും ചരിത്രവും കേൾക്കുന്നിടത്തൊക്കെ കാംബ്ലി ഒരു വലിയ കൂട്ടുകെട്ടായി നിൽക്കുന്നു. ഒപ്പം 90,95 കളിലെ ക്രിക്കറ്റ് പ്രേമികളുടെ മനസിലും.

"Ajinkya" എന്ന പേരിനു അർത്ഥം "തോൽക്കാൻ കഴിയാത്തവൻ" എന്നാണ്.  പക്ഷേ അയാളെ പലരും പലവട്ടം തോൽപ്പിക്കാൻ ശ്രമിക്കുന്നത് നമ്മൾ...
20/01/2021

"Ajinkya" എന്ന പേരിനു അർത്ഥം "തോൽക്കാൻ കഴിയാത്തവൻ" എന്നാണ്. പക്ഷേ അയാളെ പലരും പലവട്ടം തോൽപ്പിക്കാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

യുവരാജിന് ശേഷം ഒഴിഞ്ഞു കിടന്ന ഇന്ത്യൻ ടീമിലെ നാലാം സ്‌ഥാനക്കാരന്റെ റോൾ വളരെ നന്നായി ചെയ്‌തിരുവെങ്കിലും ടെസ്റ്റ്‌ പ്ലെയർ എന്ന് മുദ്ര കുത്തി അയാളെ പുറത്തിരുത്തി... 2019 വേൾഡ്കപ്പിന് പരിചയസമ്പന്നരല്ലായിരുന്ന വിജയ് ശങ്കറും പന്തും ഇംഗ്ളണ്ടിലേക്ക് വിമാനം കയറിയിട്ട് പോലും അയാളുടെ പേര് എവിടെയും ആരും പറഞ്ഞു കണ്ടില്ല. അയാൾ ആ വേൾഡ്കപ്പിലെ ഒരു മത്സരമെങ്കിലും ചിലപ്പോൾ ആഗ്രഹിച്ചു കാണണം...

Ipl -ൽ രാജസ്‌ഥാൻ റോയൽസിന്റെ പ്ലെയിങ് 11ന്റെ നെടും തൂണായിരുന്ന അയാൾ ഡൽഹി ക്യാപിറ്റലസിൽ പല കളികളിലും വാട്ടർ ബോയ് ആകുന്നതും നിർവികാരനായി ആ ഡഗ് ഔട്ടിൽ ഇരിക്കുന്നതും നമ്മൾ കണ്ടിരുന്നു....

കരിയറിന്റെ തുടക്കം മുതലേ ദ്രാവിഡിന്റെ ശിഷ്യനെന്ന പേരിൽ അയാൾ ടെസ്റ്റ്‌ പ്ലെയറായി മാത്രം ഒതുക്കപ്പെട്ടിരുന്നു. ഒരുപക്ഷേ ദ്രാവിഡും തന്റെ കരിയറിന്റെ തുടക്കത്തിൽ ഇത്തരത്തിലുള്ള സന്ദർഭങ്ങളിലൂടെ കടന്നു പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്.....

കൃത്യമായ അവസരങ്ങളില്ലതെ പലതിലും ഒതുക്കപ്പെട്ടിരുന്നു അയാൾ...
ഒരിക്കലല്ല, പലവട്ടം.... രണ്ടാം നിര കളിക്കാരനായി മാറ്റി നിർത്തപ്പെടുമ്പോഴും, ടെസ്റ്റിൽ അയാളുടെ സാന്നിധ്യത്തെ ആരും ചോദ്യം ചെയ്തിരുന്നില്ല എന്നതായിരുന്നു ഏക ആശ്വാസം. എന്നിരുന്നാലും ടെസ്റ്റിലും പൂജാരയ്ക്കും കോഹ്‌ലിക്കും താഴെയായിരുന്നു അയാൾക്ക് സ്‌ഥാനം കല്പ്പിച്ചു കൊടുത്തിരുന്നത് എന്നതും നമ്മൾ മറന്നു കൂടാ.....

എന്നിരുന്നാലും ആരോടും പരാതി പറയാതെ അയാൾ അയാളുടെ ജോലി കൃത്യമായി നിർവഹിച്ചു പോന്നിരുന്നു. ടീമിന് ആവശ്യമുള്ള സമയത്തെല്ലാം അയാളുടെ ബാറ്റ് ചലിച്ചിരുന്നു.....

പക്ഷേ അയാൾ അയാളുടെ പേര് പൊലെ തന്നെ തോൽക്കാൻ കഴിയാത്തവൻ ആയിരുന്നു.
36 റൺസിന്‌ ഓൾ ഔട്ട്‌ ആയി സീരിസിലെ ആദ്യ മത്‌സരം തോറ്റു പോയപ്പോൾ, എല്ലാവരാലും ടീം മൊത്തത്തിൽ പഴി കേട്ടു തുടങ്ങിയപ്പോളും, ക്രിക്കറ്റ്‌ ഇതിഹാസങ്ങൾ മുഴുവൻ സീരീസ് ഓസ്ട്രേലിയ വൈറ്റ് വാഷ് ചെയ്യുമെന്ന് പ്രവചിച്ചപ്പോഴും, കോഹ്‌ലി പരിചയസമ്പത്ത്‌ കുറഞ്ഞ ഒരു കൂട്ടം യുവാക്കളെയും ടീമിന്റെ ക്യാപ്റ്റൻ സ്‌ഥാനവും അയാളെ ഏൽപ്പിച്ചു നാട്ടിലേക്കു വണ്ടി കയറുമ്പോളും അയാൾ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു...... ഒരു പക്ഷേ ധോണിക്ക് ശേഷം ഇത്രയും കൂളായി മറ്റൊരാൾ ടീമിനെ നയിക്കുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്.....

കളിക്കളത്തിലെയും സ്വഭാവത്തേയും മിതത്വം അയാളുടെ മച്ചിനോടുള്ള അപ്രോച്ചിൽ കണ്ടില്ല...... അറ്റാക്കിങ് ഫീൽഡ് സെറ്റിങ്ങും കൃതിയമായ ബൗളിംഗ് റൊട്ടേഷനുമായി അയാൾ കളം നിറഞ്ഞു... ബാറ്റിങ്ങിൽ ലോകോത്തര ബൗളർമാരെ അയാൾ നിശ്ചയദാർഢ്യത്തോടെ അടിച്ചകറ്റി......
യുവനിരയുടെ കടിഞ്ഞാൺ കൈയിലേന്തി അവരെ ഓസ്ട്രേലിയ്ക്കുമേൽ അഴിഞ്ഞാടാൻ അയാൾ അനുവദിച്ചു....
തന്റെ പക്കലുള്ള ഓരോ ആയുധങ്ങളുടെ മുന എതിർപക്ഷം ഉടയ്ക്കുമ്പോഴും അയാൾ പുതിയ ആയുധങ്ങളെ കൃത്യമായി ഉപയോഗിച്ചു...

വൈറ്റ് വാഷിൽ കുറഞ്ഞു ഒന്നും പ്രതീക്ഷിക്കാതിരുന്ന ഇതിഹാസങ്ങളുടെയും ഫാന്സിന്റെയും വായ അയാൾ ഒന്നും മിണ്ടാതെ തുന്നികെട്ടി.....

32 വർഷത്തിന് ശേഷം ഒരു വിസിറ്റിംഗ് ക്യാപ്റ്റൻ ഗാബയിൽ വിന്നിംഗ് ക്യാപ്റ്റനായി പോസ്റ്റ്‌ പ്രസന്റേഷൻ സെറിമോണിയിൽ മൈക്ക് എടുക്കുമ്പോൾ, അയാളുടെ മുഖത്തു അഹങ്കാരമില്ല, ഓവർ ആയിട്ടുള്ള സന്തോഷമില്ല, അയാൾ കൂളാണ്....
100 test മത്സരം കളിക്കുന്ന നാഥൻ ലിയോണ് ഇന്ത്യൻ ടീം മെംബേർസ് എല്ലാവരും സൈൻ ചെയ്ത ജേഴ്‌സി നൽകുമ്പോളും അയാൾ കൂളായിരുന്നു...
ട്രോഫി എടുത്ത് ഒന്ന് ഉയർത്തി ഒരു ചിരിക്ക് ശേഷം അത് നടരാജന് കൈ മാറുമ്പോളും അയാൾ കൂളാണ്‌....

അതേ പേര് പോലെ തന്നെ, തന്റെ ഗുരുവായ രാഹുൽ ദ്രാവിഡിനെപ്പോലെ തന്നെ അയാൾക്ക് "തോൽക്കാൻ കഴിയാത്ത ഒരു മനസ്സുണ്ട്" തോറ്റു കൊടുക്കാൻ കഴിയാത്ത ഒരു മനസ്സുണ്ട്.....

5 ടെസ്റ്റ്‌ മത്സരം ഇന്ത്യയെ നയിച്ചിട്ടുള്ള അയാൾ തോൽവി അറിഞ്ഞിട്ടില്ല എന്നത് അത്ഭുദപ്പെടണ്ടേ കാര്യമല്ല......
ഇന്ന് ഗാബയിൽ ടീം ഇന്ത്യ കാണിച്ച ചങ്കൂറ്റം അവരുടെ ക്യാപ്റ്റന്റേത് കൂടിയാണ്.......

Ajinkya.....അതേ ആ പേര് ചേരുന്നത് അയാൾക്ക് തന്നെയാണ്...

തോൽക്കാൻ കഴിയാത്ത
തോൽപ്പിക്കാൻ കഴിയാത്ത

"നായകൻ"

✒️vk

ബാറ്റ്സ്മാൻമാരുടെ പൂരപ്പറമ്പിൽ 7 കൊല്ലം ക്രിക്കറ്റ് കളിക്കാതെ വന്ന് കളിച്ച ശ്രീശാന്ത് 4 ഓവറിൽ  46 റൺസ് വഴങ്ങി  നേടിയത് 2...
15/01/2021

ബാറ്റ്സ്മാൻമാരുടെ പൂരപ്പറമ്പിൽ 7 കൊല്ലം ക്രിക്കറ്റ് കളിക്കാതെ വന്ന് കളിച്ച ശ്രീശാന്ത് 4 ഓവറിൽ 46 റൺസ് വഴങ്ങി നേടിയത് 2 വിക്കറ്റ്. ഇപ്പോഴും ഇന്ത്യൻ ടീമിൽ സജീവമായി കളിക്കുന്ന ഇന്ത്യയുടെ മൂർച്ചയേറിയ ആയുധവും ആസ്ത്രേലിയയിൽ ടെസ്റ്റ് കളിക്കാൻ ഏവരും ആഗ്രഹിക്കുകയും ചെയ്യുന്ന ഇഷാന്ത് ശർമ്മ 4 ഓവർ എറിഞ് വഴങ്ങിയത് 48 റൺസ്.കിട്ടിയതോ 1 വിക്കറ്റും .

എന്നിട്ടും നമ്മുടെ പ്രിയപ്പെട്ട മലയാളികൾക്ക് ശ്രീശാന്ത് ചെണ്ടയും മദ്ദളവും .ശ്രീശാന്തിൻ്റെ സാമർത്ഥ്യം ലോംഗ്‌ ഫോർമാറ്റിൽ ആണെന്നറിഞ്ഞിട്ടും
നമ്മൾ മന:പൂർവം അയാളെ പരിഹസിക്കുവാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു .

7 വർഷം വിട്ടു നിന്ന ഒരു 37 കാരൻ്റെ നല്ല കാലഘട്ടം കഴിഞ്ഞിട്ടും ഇതിലേറെ ചെയ്യാൻ പറ്റുമോന്ന് സംശയമാണ് .

ഡൽഹിക്ക് നഷ്ടപ്പെട്ട 4 വിക്കറ്റുകളിൽ 2 ഉം നേടിയത് ശ്രീശാന്ത് .അതും 77 റൺ നേടി ടോപ് സ്കോററായ ഇന്ത്യൻ ലെഗൻ്റ് ശിഖർ ധവാൻ്റെയും ന്യൂ സെൻസേഷനും ഹാർഡ് ഹിറ്ററുമായ നിതീഷ് റാണയുടേതും .പക്ഷെ നമ്മുടെ മലയാളികൾക്ക് അത് ഭാഗ്യ വിക്കറ്റുകൾ മാത്രം . സജീവ ക്രിക്കറ്ററായ ബേസിൽ തമ്പി 9.90 ഇക്കണോമിയിൽ 3.2 ഓവറിൽ 33 റൺ വഴങ്ങിയപ്പോൾ കഴിഞ്ഞ കളിയിലെ താരം കെ.എം.ആസിഫ് 4 ഓവറിൽ 39 ഉം മിഥുൻ 4 ഓവറിൽ 44 ഉം വഴങ്ങി .ഡൽഹി നിരയിൽ ഇശാന്തിനെ കൂടാതെ ടോപ് ബൗളർ പ്രദീപ് സംഗ്വാൻ 4 ഓവറിൽ 39 റൺസ് വഴങ്ങിയപ്പോൾ IPL ലെ ലേലത്തിലെ താരം പവൻ നേഗി 3 ഓവറിൽ വഴങ്ങിയത് 42 റൺ .

ചിരിയാണ് വരുന്നത് മറ്റുള്ളവരുടെ ഭാഷയിൽ വയസ്സനായ ശ്രീശാന്തിനെ പരിഹസിക്കുന്നത് കാണുമ്പോൾ .ശ്രീശാന്തിനെ കോമാളിയാക്കുന്നവർ അറിയുന്നില്ല യഥാർത്ഥ കോമാളികളായി മാറുന്നത് അവരാണെന്ന് .

സൂചിയുടെ സുഷിരത്തിലൂടെ ആനകൾ കടന്നു പോകുന്ന കാഴ്ചകൾ ചുറ്റിലും കാണുമ്പോഴും ശ്രീശാന്തിൻ്റെ ചോരയാണ് നമുക്ക് വേണ്ടത് .

നമ്മൾ മലയാളിസ് പൊളിയാണ് .പൊളി .

അംഗീകരിക്കരുത് ഒരുത്തനെയും .മലയാളി ഞണ്ടുകളുടെ കൊട്ടയിൽ നിന്നും ഒരു ഞണ്ടിനെയും നമ്മൾ രക്ഷപ്പെടാൻ വിടില്ല .

ബംഗാളികളെ വിളിക്കാം ഇയാളെ സപ്പോർട്ട് ചെയ്യാൻ .2 ലോകകപ്പുകൾ ജയിച്ച ,സച്ചിനും സൗരവിനും ദ്രാവിഡിനും സഹീറിനും യുവിക്കും സേവാഗിനും ഒപ്പം ഒന്നിച്ച് ഡ്രസിംഗ് റൂം പങ്കിട്ട ഒരാൾക്ക് ഈ 38 ആം വയസിൽ തെളിയിക്കാൻ ഒന്നുമില്ല .എന്നിട്ടും അയാൾ തൻ്റെ പാഷനെ പിന്തുടരുന്നു .

അയാൾ ഇപ്പഴും ജയിച്ചു കൊണ്ടേയിരിക്കുന്നു .മലയാളികൾ നാളെയും കുറ്റം പറയും .ഇന്ന് ശ്രീശാന്ത് ... നാളെ സഞ്ജു .. മറ്റന്നാൾ വീടിൻ്റെ തൊട്ടടുത്തുള്ള മറ്റൊരു യുവതാരം .

2 കളി കേരളം ജയിച്ചു പോയി .ഇല്ലെങ്കിൽ ഇയാളുടെ തലക്കിട്ട് രണ്ട് കൊടുക്കായിരുന്നു .Bad Luck

താൻ ഒരു മണ്ടനാണ് ശ്രീശാന്ത് .ഇന്ത്യൻ ടീമിൽ എത്തും മുൻപ് സച്ചിൻ ടെണ്ടുൽക്കറെ 2 തവണ ക്ലീൻ ബൗൾ ചെയ്ത അന്ന് നിങ്ങൾ കേരളം വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് പോകണമായിരുന്നു .

ഇനി നാളെ 4 ഓവറിൽ 100 റൺ വഴങ്ങിയാലും ശ്രീ നിങ്ങൾ ജയം തന്നെയാണ് .കാരണം നിങ്ങൾ മുള്ളുകളിലൂടെ ഒറ്റയ്ക്കാണ് നടക്കുന്നത് .അങ്ങനെ നടന്ന് ചരിത്രത്തിൽ വിജയിച്ചവർ കുറവാണ്



DhaneshDamodaran

13/01/2021
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ  തൻറെ ആത്മകഥ എഴുതാനൊരുങ്ങിയപ്പോൾ  അവതാരിക എഴുതാൻ സമീപിച്ചത് അദ്ദേഹത്തെ  ഏറ്റ...
12/01/2021

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ തൻറെ ആത്മകഥ എഴുതാനൊരുങ്ങിയപ്പോൾ അവതാരിക എഴുതാൻ സമീപിച്ചത് അദ്ദേഹത്തെ ഏറ്റവും ആകർഷിച്ച ഒരു ക്രിക്കറ്റ് താരത്തെ ആയിരുന്നു .പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത സ്വന്തം നാട്ടിലെ ക്രിക്കറ്റ് ഇതിഹാസങ്ങളെ മറന്ന് തന്നെ എന്നും അലട്ടിയ ഒരു കരുത്തനായ എതിരാളിയെ തെരഞ്ഞെടുത്തുവെങ്കിൽ സ്റ്റീവ് വോ എന്ന ഉലക നായകൻ ആ മനുഷ്യനിൽ എത്ര മാത്രം ആകൃഷ്ടനായിരിക്കണം ?


2003ലെ അഡ്‌ലൈഡ് ടെസ്റ്റിൽ എതിർടീമിലെ കളിക്കാരൻ ചരിത്രവിജയം കുറിച്ച് ഷോട്ട് ഉതിർത്തപ്പോൾ ബൗണ്ടറി ലൈൻ വരെ നടന്നു ആ പന്തെടുത്ത് തിരിച്ചെത്തി ആ കളിക്കാരന് പന്ത് സമ്മാനിച്ച സ്റ്റീവ് വോ അന്നുമുതലേ അദ്ദേഹത്തിൻറെ ഒരു ആരാധകൻ കൂടിയായിരുന്നു. 22 വർഷത്തിനുശേഷം ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ഒരു വിജയം കുറിച്ചപ്പോൾ അതിന് ചുക്കാൻ പിടിച്ചത് മറ്റാരുമായിരുന്നില്ല ,ഇന്ത്യയുടെ പ്രിയപ്പെട്ട വൻമതിൽ രാഹുൽ ദ്രാവിഡ് തന്നെയായിരുന്നു. വോയ്ക്ക് മാത്രമല്ല ക്രിക്കറ്റിലെ മറ്റ് അനേകം കളിക്കാരുടെ മാതൃകാ പുരുഷനും ഒരു പ്രചോദനവും കൂടിയാണ് ആ മനുഷ്യൻ .

ടെസ്റ്റ് ക്രിക്കറ്റ് ഒരു വലിയ പരീക്ഷയാണെങ്കിൽ ആ പരീക്ഷ എഴുതുന്ന ഏറ്റവും മികച്ച വിദ്യാർത്ഥി രാഹുൽദ്രാവിഡ് ആയിരിക്കും .ശരിയും തെറ്റും സമഗ്രമായി അപഗ്രഥിക്കാനുള്ള ശേഷിയുള്ള അയാൾ അവിടെ ഒരു റിസ്ക്കെടുക്കാൻ തയ്യാറാകില്ല. ശരിയെന്ന് ഉറപ്പു തോന്നുന്ന ചോദ്യങ്ങൾ മാത്രമേ അയാൾ അറ്റൻഡ് ചെയ്യുകയുള്ളൂ .ചെറിയൊരു അപകടം മണക്കുന്നു എന്ന് തോന്നുന്ന ചോദ്യങ്ങളെ അയാൾ തൊടാതെ വിടുന്നു .തന്നെ കൊടുക്കാനായി ചോദ്യകർത്താക്കൾ തയ്യാറാക്കിയ കൗശലങ്ങളിൽ നിന്നും അയാൾ സമർത്ഥമായി ഒഴിഞ്ഞുമാറി നെഗറ്റീവ് മാർക്ക് ഒഴിവാക്കുന്നു .


പഠിപ്പിച്ച കാര്യങ്ങൾ അതേപടി പഠിക്കുന്ന അയാൾ പഠിച്ച കാര്യങ്ങൾ മാത്രമേ പ്രാവർത്തികമാക്കാനും ഇഷ്ടപ്പെടുന്നുള്ളൂ . ആ പരീക്ഷയിൽ പക്ഷെ ഏറ്റവുമധികം മാർക്ക് വാങ്ങുന്നത് ചിലപ്പോൾ അയാൾ ആയിരിക്കില്ല .അത് സച്ചിനോ ലാറയോ പോണ്ടിങ്ങോ ആകാം . ആ പരീക്ഷയിൽ അവർ എടുക്കുന്ന റിസ്ക് കൂടി ആകാം അവരെ ആ നേട്ടത്തിൽ എത്തിക്കുന്നത്. കളിക്കളത്തിൽ ദ്രാവിഡ് അറിയാതെപോലും കൂറ്റനടികൾക്ക് മുതിരാതിരിക്കുമ്പോൾ സച്ചിനും ലാറയും ഉൾപ്പെടുയുള്ളവർ ഇടയ്ക്കിടെ ബൗളർമാരുടെ ചരടുകൾ പൊട്ടിക്കാൻ സിക്സറുകൾക്ക് ശ്രമിക്കുന്നത് ഒരു സാധാരണ കാഴ്ചയാണല്ലോ?

സച്ചിൻ ടെണ്ടുൽക്കർ എന്ന വൻമരത്തിൻ്റെ തണലിൽ നിൽക്കുന്ന മരങ്ങൾക്ക് ആ വലിയ മരത്തിൻറെ നിഴലിൽ ആകുമ്പോൾ വളർച്ചയ്ക്ക് പരിമിതികളുടെ സീമാ രേഖകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് . മറിച്ചായിരുന്നുവെങ്കിൽ രാഹുൽദ്രാവിഡ് മത്സരിക്കേണ്ടത് സ്വന്തം നിഴലിനോട് മാത്രമായിരുന്നു .സാങ്കേതിക തികവിൻ്റെ അവസാനവാക്കായ ടെസ്റ്റ് ക്രിക്കറ്റിൽ ദ്രാവിഡിൻ്റെ ശരീരഭാഷയിൽ നിങ്ങൾക്ക് ആക്രമണോത്സുകത കാണാൻ പറ്റിയേക്കില്ല . എന്നാൽ ഷോയിബ് അക്തറുടെയും ബ്രെറ്റ് ലീയുടെയും 100 മൈൽ വേഗതയിൽ വരുന്ന ചുവന്ന പന്തുകൾ നേരിടുമ്പോൾ അയാളുടെ കണ്ണും കാതും നോട്ടവും ഓരോ ചലനങ്ങളിലും ആരെയും ഭയപ്പെടുന്ന തരത്തിലുള്ള ആക്രമണോത്സുകത കാണാം .

" സച്ചിൻ ഒരു വല്ലാത്ത ശക്തിയാണ് .പക്ഷേ ദ്രാവിഡ് നമ്മെ മാനസികമായും ശാരീരികമായും തളർത്തും .അതിനുശേഷം അയാൾ നമ്മുടെ മേൽ വിജയം നേടും."


തൻ്റെ കാലഘട്ടത്തിലെ എല്ലാ ബാറ്റ്സ്മാൻമാരുടെയും പേടിസ്വപ്നമായ റാവൽപിണ്ടി എക്സ്പ്രസിൻ്റെ വാക്കുകളിൽ എല്ലാമുണ്ട് .

ഇന്ത്യൻ ക്രിക്കറ്റിലെ ദൈവങ്ങൾ പരാജയപ്പെടുമ്പോൾ അവതരിക്കപ്പെടുന്ന രക്ഷകൻ്റെ വേഷമായിരുന്നു ദ്രാവിഡ് ചെയ്തത് . ക്രിക്കറ്റ് ദൈവം സച്ചിനും ഓഫ് സൈഡിലെ ദൈവം ഗാംഗുലിയും സംഹാരമൂർത്തിയായ സേവാഗും പ്രതിസന്ധിയിലെ ദൈവമായ ലക്ഷ്മണനും പരാജയപ്പെടുമ്പോൾ ആ മുങ്ങുന്ന കപ്പലിനെ കൈപിടിച്ചുയർത്തിയിരുന്നത് ദ്രാവിഡ് ആയിരുന്നു. ഒരുപക്ഷേ ദ്രാവിഡിനോളം തൻറെ റോളുകൾ മാറിമാറി ചെയ്യേണ്ടിവന്ന മറ്റൊരാൾ ചരിത്രത്തിൽ അപൂർവ്വമായിരിക്കും .

ഓപ്പണർ ,വൺ ഡൗൺ തുടങ്ങി ആറ് ,ഏഴ് സ്ഥാനങ്ങളിൽ വരെ സാഹചര്യങ്ങൾക്കനുസരിച്ച് ഇറങ്ങേണ്ടി വന്ന അയാൾ ഒരു ഒരുപാട് കാലമായി ചെയ്യാതിരുന്ന വിക്കറ്റ് കീപ്പർ റോൾ കൂടി ടീമിനുവേണ്ടി ഏറ്റെടുക്കാൻ തയ്യാറായി എന്നത് തന്നെ അയാളുടെ പ്രതിബദ്ധതയ്ക്ക് തെളിവായിരുന്നു . അതും വലിയ ഒരു ലോകകപ്പ് വേദിയിൽ. തൊട്ടുമുൻപ് നടന്ന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺ നേടിയ കളിക്കാരൻ ആയിരുന്ന അദ്ദേഹത്തിന് തികച്ചും ഒഴിവാക്കാൻ പറ്റുമായിരുന്നു ആ സാഹചര്യം ഒരു പരാതിയും കൂടാതെയായിരുന്നു ദ്രാവിഡ് ഏറ്റെടുത്തത് .ഒരു പക്ഷെ ആ ലോകകപ്പിൽ ഇന്ത്യക്ക് മുത്തമിടാൻ ഭാഗ്യമുണ്ടായിരുന്നെങ്കിൽ ദ്രാവിഡിൻ്റെ ആ ത്യാഗം ഏറെ വാഴ്ത്തപ്പെടുമായിരുന്നേനെ .

ദ്രാവിഡ് ബാറ്റ് ചെയ്യുമ്പോൾ ടീം ക്യാപ്റ്റന് ടെൻഷനില്ലാതെ കുറച്ചുനേരം ഉറങ്ങാം എന്ന് പറഞ്ഞതിൽ അതിശയോക്തിയില്ല. രക്ഷകൻ വേഷം അദ്ദേഹത്തോളം ചെയ്ത മറ്റൊരാളെ കാണാനും കഴിയില്ല 2001ലെ വിഎസ് ലക്ഷണൻ ഈഡനിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മഹത്തായ ഇന്നിംഗ്സ് കളിച്ച മാച്ചിൽ മറുവശത്ത് മനോഹരമായ ഇന്നിംഗ്സ് കളിച്ച് ദ്രാവിഡ് നൽകിയ പിന്തുണ ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും മികച്ച സപ്പോർട്ടിംഗ് റോൾ ആയിട്ടും അതിന് വേണ്ടത്ര മൂല്യം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നൽകിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

ഒരു വശത്ത് ദ്രാവിഡ് നിലയുറപ്പിക്കുമ്പോൾ മറുവശത്ത് നിൽക്കുന്ന ബാറ്റ്സ്മാന് ലഭിക്കുന്ന സുരക്ഷിതത്വം അത്രമാത്രമായിരുന്നു. വീരേന്ദ്ര സേവാഗ് ടെസ്റ്റ് ക്രിക്കറ്റിലെ രണ്ട് ട്രിപ്പിൾ സെഞ്ചുറികളും നേടുമ്പോൾ മറുവശത്ത് പിന്തുണ നൽകിയതും ഇളകാത്ത വൻമതിൽ തന്നെയായിരുന്നു.

രഞ്ജിയിൽ ആദ്യമാച്ചിൽ അർധശതകവും തുടർച്ചയായ സെഞ്ച്വറികളും രാഹുലിനെ 96 ലോകകപ്പിൽ തന്നെ ഇന്ത്യൻ ടീമിലെത്തിക്കും എന്ന് കരുതിയിരുന്നു. അന്ന് ലോകകപ്പിൽ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം സിംഗപ്പൂരിൽ വെച്ച് നടന്ന സിംഗർ ഏകദിന ടൂർണമെൻ്റിൽ വിനോദ് കാംബ്ളിക്ക് പകരക്കാരനായാണ് ദ്രാവിഡ് ദേശീയ ടീമിൽ എത്തുന്നത്. ഒരു പ്രതിഭയെ എങ്ങനെ തുലക്കാം എന്ന് തെളിയിച്ച കാംബ്ലിക്ക് പകരം ഒരു പ്രതിഭയെ എങ്ങനെ കഠിനാധ്വാനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാം എന്ന് തെളിയിച്ച ദ്രാവിഡ് ആയിരുന്നു പകരക്കാരനായത് എന്നത് തന്നെ വൈരുദ്ധ്യമാകാം.

സഞ്ജയ് മഞ്ചേരേക്കർക്ക് പരിക്കുപറ്റിയതു കൊണ്ടുമാത്രം ടെസ്റ്റിൽ അരങ്ങേറാൻ അവസരം ലഭിച്ച ദ്രാവിഡ് ഏഴാമനായി ബാറ്റിങ്ങിനിറങ്ങി ഗാംഗുലിയുടേയും വാലറ്റക്കാരുടെയും കൂടെ പിടിച്ചുനിന്നു സെഞ്ച്വറിക്ക് 5 റൺ അകലെ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്തപ്പോൾ അംപയർ വിരലുയർത്തിന് മുൻപെ പവലിയനിലേക്ക് മടങ്ങുകയുണ്ടായി .ഒരു അരങ്ങേറ്റക്കാരൻറെ സെഞ്ചുറി നഷ്ടത്തിൻ്റെ തന്നെ നിരാശ കാണിക്കാതെ പവലിയനിലേക്ക് മടങ്ങിയത് മുതൽ കരിയർ അവസാനിക്കുന്നതുവരെയും ഇന്ത്യൻ ക്രിക്കറ്റിലെ മാന്യനും മര്യാദാപുരുഷോത്തമനും ആയിരുന്നു.


ലോഡ്സിലെ അരങ്ങേറ്റം മുതൽ എന്നും രണ്ടാമനാകാൻ വിധിക്കപ്പെട്ട ദ്രാവിഡ് കാര്യത്തിൽ ഒരു പരാതിപോലും പറയാറില്ല .തൻ്റെ അരങ്ങേറ്റ ടെസ്റ്റിൽ ഗാംഗുലിയുടെ അരങ്ങേറ്റ സെഞ്ചുറിയുടെ നേട്ടത്തിൽ നിഷ്പ്രഭനായപ്പോൾ ഏകദിനത്തിലെ ആദ്യ സെഞ്ചുറിയുടെ മാറ്റ് തല്ലിക്കെടുത്തിയത് സയ്യിദ് അൻവറിൻ്റെ 194 റൺസ് ലോക റെക്കോർഡ് പ്രകടമായിരുന്നു .ഒടുവിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ചരിത്ര വിജയമായ കൽക്കത്തയിൽ വിഎസിനോളം പ്രാധാന്യമുള്ള ഇന്നിങ്ങ്സ് കളിച്ചപ്പോഴും ദ്രാവിഡ് രണ്ടാമനായിരുന്നു .

ഏകദിന ക്രിക്കറ്റിൽ രണ്ടുതവണ 300 കൂട്ടുകെട്ടിൽ എത്തിയ ഏക താരമായിട്ടും 2 തവണയും ദ്രാവിഡ് രണ്ടാമനാക്കപ്പെട്ടു .ആദ്യ തവണ ഗാംഗുലിയുടെ 183 റൺസും രണ്ടാം തവണ സച്ചിൻ ടെണ്ടുൽക്കറുടെ 186 റൺസും രാഹുലിൻ്റെ മാറ്റു കുറച്ചു. 1999 ലോകകപ്പിൽ ബാറ്റിങ്ങ് ദുഷ്കരമായ ഇംഗ്ളീഷ് മണ്ണിൽ ടോപ്സ്കോറർ നേട്ടം കൈവരിച്ചിട്ടും സച്ചിൻ്റെ കെനിയക്കെതിരായ 140 റൺസും സൗരവിൻ്റെ ലങ്കയ്ക്ക് എതിരായ 183 റൺസും ഓർക്കാനാണ് ക്രിക്കറ്റ് പ്രേമികളിൽ കൂടുതൽപേരും ഇഷ്ടപ്പെട്ടത്.Dhanam Cric


ലോഡ്സിലെ ആദ്യ ടെസ്റ്റിന് പിന്നാലെ രണ്ടാം ടെസ്റ്റിൽ നേടിയ 85 റൺസ് ,1996- 97 സൗത്താഫ്രിക്ക എതിരെ ആദ്യ ഇന്നിംഗ്സിൽ ഡൊണാൾഡ്, പൊള്ളോക്ക് ക്ളൂസ്നർ അടങ്ങുന്ന ബൗളിങ്ങ് പടക്കെതിരെ ദുഷ്കരമായ സാഹചര്യത്തിൽ ആദ്യ ഇന്നിങ്സിൽ നേടിയ 148 റൺസിനും രണ്ടാം ഇന്നിംഗ്സിലെ 81 റൺസും പകരം വെക്കാനില്ലാത്ത രാഹുൽ ദ്രാവിഡ് എന്ന പ്രതിഭയുടെ കഴിവ് തെളിയിക്കുന്നതായിരുന്നു. 1990 ൽ ന്യൂസിലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ 190 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 103 റൺസും കുറിച്ച് രണ്ടിന്നിങ്സിലും സെഞ്ച്വറി കുറച്ച മൂന്നാമനായ ഇന്ത്യക്കാരനെന്ന നേട്ടം . 2003 ഹെഡിങ്ലിയിൽ 148 റൺസും അഡലെയ്ഡിൽ 232 റൺസും നേടിയപ്പോൾ ഇന്ത്യക്കാർ ഏറ്റവും വിഷമിക്കുന്ന വിദേശ മണ്ണിൽ അപൂർവ വിജയങ്ങളാണ് നൽകിയത് .അന്ന് 85 റൺസ് 4 പേരെ നഷ്ടപ്പെട്ട ഇന്ത്യൻ ടീമിനെ ഇന്ത്യൻ ടീമിനെ 148 റൺസടിച്ച ലക്ഷ്മണിനൊപ്പം ചേർന്ന് ദ്രാവിഡ് പടുത്തുയർത്തിയ കൂട്ടുകെട്ട് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചത് എന്ന് പറയേണ്ടിവരും.

അഡലെയ്ഡിലെ ചരിത്ര വിജയത്തിൽ രണ്ടാമിന്നിംഗ്സിൽ 72 റൺസ് നേടിയ രാഹുൽ ദ്രാവിഡ് ആ പരമ്പരയിൽ ആകെ നേടിയത് 103 ശരാശരിയിൽ 619 റൺസായിരുന്നു. ആ പരമ്പരയിലെ മാൻ ഓഫ് ദ സീരീസും അദ്ദേഹം തന്നെയായിരുന്നു .അതേ വർഷം റാവൽപിണ്ടിയിൽ 3 ആം ടെസ്റ്റിൽ നായകനായി നേടിയ 270 റൺസും ദ്രാവിഡ് സമ്മാനിച്ച സമ്മോഹന മുഹൂർത്തങ്ങളായിരുന്നു .എന്നാൽ ദ്രാവിഡ് ടെസ്റ്റിലെ തൻ്റെ ഏറ്റവും മികച്ച പ്രകടനം ആയി കരുതുന്നത് ജമൈക്കയിലെ ബാറ്റിംഗ് തീരെ ദുഷ്കരമായ പിച്ചിൽ നേടിയ 81 റൺസാണ്. സ്വദേശത്തെ ക്കാൾ കൂടുതൽ ആവറേജ് വിദേശ പിച്ചിൽ സൂക്ഷിക്കുന്ന എത്ര കളിക്കാർ ഉണ്ടാകും ചരിത്രത്തിൽ??

നിരന്തരം നവീകരിക്കുകയായിരുന്നു ദ്രാവിഡ് തന്നിലെ ബാറ്റ്സ്മാനെ. കളിച്ച എല്ലാ ഫോർമാറ്റിലും അവസാന മത്സരത്തിൽ തോൽക്കാനായിരുന്നു വിധിയെങ്കിലും ദ്രാവിഡിനെപ്പോലെ കരിയറിൽ വിജയം ഉണ്ടാക്കിയ എത്ര പേരെ കാണാൻ പറ്റും?? 2011 ൽ ഇന്ത്യ നാണംകെട്ട ഇംഗ്ലണ്ട് പരമ്പരയിൽ യഥാർത്ഥത്തിൽ ദ്രാവിഡും ഇംഗ്‌ളണ്ടുമായിരുന്നു പോരാട്ടം നടന്നത് .ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ ആറു മണിക്കൂറിലധികം ബാറ്റ് ചെയ്ത അതേ മനുഷ്യൻ 15 മിനിറ്റിനകം രണ്ടാമിന്നിംഗ്സിൽ ഓപ്പണറായി ഇറങ്ങി . മഹാരഥന്മാരായ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് ഒരാൾക്ക് പോലും ആ പരമ്പരയിൽ സെഞ്ച്വറി നേടാൻ പറ്റാതായപ്പോൾ ദ്രാവിഡ് നേടിയത് എണ്ണം പറഞ്ഞ 3 സെഞ്ചുറികൾ .450 ലേറെ റൺസ് നേടിയ ദ്രാവിഡ് 38 ആം വയസ്സിലും ഇന്ത്യയുടെ ഒരേയൊരു വൻമതിൽ ആയിരുന്നു .

ആ മതിലിന് ഇളക്കം തട്ടിച്ചാൽ ജയിച്ചെന്ന് എതിരാളികൾ ഉറപ്പിച്ച കാലമായിരുന്നു .ഇംഗ്ളണ്ട് സീരീസിനു ശേഷം തൊട്ടടുത്ത ഓസീസ് പരമ്പരയിൽ തനിക്ക് തീർത്തും അപരിചിതമായ രീതിയിൽ തുടരെ തുടരെ ബൗൾഡ് ആയപ്പോൾ പിന്നൊരിക്കലും ഒരു തിരിച്ചു വരവിന് കാത്തുനിൽക്കാതെ സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തി അതിലും മാതൃകയാകാൻ പറ്റിയ എത്ര ഇന്ത്യൻ കളിക്കാരെ കാണാൻ പറ്റും ??

കഴിഞ്ഞ 50 വർഷത്തെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനെ കണ്ടെത്തുന്നതിന് വേണ്ടി വിസ്ഡൺ ഇന്ത്യ നടത്തുകയുണ്ടായ വോട്ടെടുപ്പിൽ 11400 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ കോലി നാലാമതും ഗവാസ്കർ മൂന്നാമതും എത്തിയപ്പോൾ 48% വോട്ട് നേടിയ സച്ചിനെക്കാൾ 4% അധികം വോട്ടുകൾ നേടി ഒന്നാമനായതിനേക്കാൾ വലിയ ബഹുമതി ദ്രാവിഡിന് വേറെ ലഭിക്കാനില്ല . Dhanam Cric

ഒരുതരത്തിലും ഏകദിന ക്രിക്കറ്റിന് യോജിച്ചവനല്ലെന്ന് സകലരും വിധിയെഴുതിയ മനുഷ്യൻ ആ ഫോർമാറ്റിൽ പതിനായിരത്തിലധികം റൺസ് കുറിച്ചു എന്നത് അവിശ്വസനീയമായ കണക്കുകളാണ് .തന്നിലെ ക്രിക്കറ്റിനെ പരിമിത ഓവറിലേക്ക് അനുയോജ്യമായ തരത്തിലേക്ക് രൂപപ്പെടുത്തിയെടുക്കാൻ പറ്റി എന്നത് ദ്രാവിഡിൻ്റെ മനക്കരുത്തിനും നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും തെളിവാണ് . 2007 ൽ ബ്രിസ്റ്റോളിൽ ഇംഗ്ലീഷ് ബൗളിങ്ങിനെതിരെ 63 പന്തിൽ 92 റൺസ് അടിച്ച അതേ ദ്രാവിഡിന് 22 പന്തിൽ അർദ്ധസെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചരിത്രവുമുണ്ട് പറയാൻ .

പരിമിത ഓവർ ക്രിക്കറ്റിന് കൊള്ളാത്തവൻ എന്ന് പറഞ്ഞ ഒരാൾ വിദേശ പിച്ചിൽ നടക്കുന്ന ഏകദിനത്തിൽ ഇന്ത്യൻ കളിക്കാർ കളി മറന്നപ്പോൾ തിരിച്ചു വിളിക്കപ്പെട്ടു അപഹാസ്യരായത് വിമർശകർ കൂടിയായിരുന്നു .ഇന്നും ദ്രാവിഡിൻ്റെ ശൈലിയെ കുറ്റം പറയുന്നവർ സൗകര്യപൂർവം മറക്കുന്ന ഒരു സംഗതി. കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ബാറ്റ് വീശി പരിമിത ഓവർ ക്രിക്കറ്റിലും വിജയിച്ച ദ്രാവിഡിനെ പക്ഷെ T20 യുഗത്തിൻ്റെ വേഗതയിൽ സഞ്ചരിക്കുന്ന പുതു തലമുറ പരിഹസിക്കുമ്പോൾ അവരിലെ ക്രിക്കറ്റ് അനുഭവങ്ങൾ എത്ര ശുഷ്കമാണെന്ന് തിരിച്ചറിയാം .

ലോകകപ്പിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ലോകത്തിലെ രണ്ടാമത്തെ മാത്രം താരമായ ദ്രാവിഡ് 1999 ൽ 8 മേച്ചിൽ 461 റൺസ് നേടിയപ്പോൾ അയാളുടെ റൺ വേട്ടക്ക് 90 + സ്ട്രൈക്ക് റേറ്റിൻ്റെ അകമ്പടി കൂടി ഉണ്ടായിരുന്നു .ഏകദിന ക്രിക്കറ്റിൽ സിംഗിൾ എടുക്കാൻ പറ്റാതെ വിഷമിച്ച പരീക്ഷണ ഘട്ടത്തെ തരണം ചെയ്ത് അടുത്ത വർഷം നടന്ന ലോകകപ്പിൽ ടോപ്സ്കോററായി എന്നതിനേക്കാൾ വലിയ വീരഗാഥകളൊന്നും വേറെ പറയാന്നുണ്ടാകില്ല .

ഒപ്പം കളിച്ചവരിൽ മാതൃകാപുരുഷൻ എന്ന് വിവിഎസ് ലക്ഷ്മൺ വിശേഷിപ്പിച്ച ദ്രാവിഡ് അടുത്തദിവസം ഗ്രൗണ്ടിൽ സംഭവിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കാണുകയും ബൗളർമാരുടെ റണ്ണപ്പ് മനസ്സിൽ കണ്ട് അവരെ ആത്മവിശ്വാസത്തോടെ നേരിടുന്നത് സങ്കൽപിച്ച് മനസിനെ സജ്ജീക്കുകയും ചെയ്യുന്ന വിഷ്വലൈസേഷൻ ടെക്നിക്കിൻ്റെ അചാര്യൻ കുടിയാണെന്നും സഹകളിക്കാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .

87 ഐപിഎൽ മാച്ചുകളിൽ 2174 റൺസ് നേടി 2000 റൺസ് നേട്ടത്തിൽ ഏറ്റവും വേഗത്തിൽ എത്തിയ ഇന്ത്യക്കാരിൽ ഒരാളെന്ന നേട്ടത്തിലെത്തിയ കളിച്ച ഒരേയൊരു T20 ഇൻ്റർനാഷണലിൽ തുടർച്ചയായി 3 സിക്സറുകൾ പറത്തി തനിക്ക് ആ ഫോർമാറ്റും വഴങ്ങുമെന്ന് കരിയറിലെ അവസാന ഘട്ടത്തിലും അതിന് ശേഷം IPL ഉം സംശയലേശമന്യെ തെളിയിച്ചു . തൻറെ ഫ്രാഞ്ചൈസികൾക്ക് എടുക്കുക യാതൊരു തരത്തിലും ഭാരമാകാതെ ആയിരുന്നു ദ്രാവിഡ് ഐപിഎല്ലിൽ യുവതാരങ്ങളെ പിടിച്ചുയർത്തിയ സമയത്തും സ്വന്തം പ്രകടനത്തിലുടെ കാഴ്ചവച്ചത് . Dhanam Cric

റിട്ടയർമെൻ്റിനു ശേ ഷം രാഹുൽദ്രാവിഡ് ഒരു വാക്കു പറഞ്ഞാൽ അദ്ദേഹത്തിന് ഏറ്റവും ഗ്ളാമറുള്ള ഇന്ത്യൻപരിശീലക സ്ഥാനം കിട്ടുമായിരുന്നു .എന്നാൽ തീരെ ശ്രദ്ധിക്കപ്പെടാത്ത യുവതാരങ്ങളെ പരിപോഷിപ്പിക്കുന്ന റോളിലായിരുന്നു ദ്രാവിഡ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തനിക്ക് ലഭിക്കാത്ത ലോകകപ്പ് തൻറെ ശിഷ്യന്മാരിലുടെ സ്വായത്തമാക്കാനും ആ മഹാപ്രതിഭയ്ക്ക് കഴിഞ്ഞു. പേസർ മാരെയും സ്പിന്നർമാരെയും ഒരുപോലെ കളിക്കുന്ന ദ്രാവിഡ് മുരളീധരനെതിരെ യും മക്ഗ്രാത്തിനെതിരെയും വില്ലോ ചലിപ്പിച്ചത് ശൈലിയിൽ യാതൊരു മാറ്റവും വരുത്താതെ തന്നെയായിരുന്നു.

സ്ക്വയർ ഡ്രൈവർ ,കട്ട്, ഫ്ളിക്ക് ,ലെഗ് ഗ്ലാൻസ് ,പുൾ ഷോട്ട് ,ഹുക്ക് , കവർ ഡ്രൈവ് ,സ്ട്രെയ്റ്റ് ഡ്രൈവ് മുതൽ ഡിഫൻസ് ബ്ലോട്ടുകളുടെ ശേഖരം വരെ . ദ്രാവിഡിൽ കാണാത്തത് എന്തുണ്ട്??? കാലമേറെ കഴിഞ്ഞാലും ആ ലെഗ് ഗ്ലാൻസുകൾ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ അതുപോലെ നിലനിൽക്കും .രാഹുലിൻ്റെ അത്ര കരുത്തോടെ ഗ്രൗണ്ട് ഷോട്ടുകൾ കളിക്കുന്ന താരങ്ങൾ ലോകക്രിക്കറ്റിൽ തന്നെ അപൂർവ്വമായിരുന്നു .ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ട ആൾ ,ഏറ്റവും കൂടുതൽ സമയം ക്രീസിൽ ചെലവഴിച്ച താരം ,ക്രിക്കറ്റിലെ ഏറ്റവും തന്ത്രപ്രധാനമായ വൺ ഡൗൺ പൊസിഷനിൽ 10000 ടെസ്റ്റ് റൺസ് തികച്ച ആദ്യ കളിക്കാരൻ , തുടർച്ചയായി നാല് ഇന്നിംഗ്സുകളിൽ സെഞ്ച്വറി നേടിയ അപൂർവ നേട്ടം , 10 ടെസ്റ്റ് രാജ്യങ്ങളിലും സെഞ്ചുറി തികച്ച ആദ്യ മനുഷ്യൻ, 120 തുടർച്ചയായി ഏകദിനങ്ങളിൽ പൂജ്യത്തിന് പുറത്താകാതെ കുറിച്ച റെക്കോർഡ് സൂക്ഷിപ്പുകാരൻ.

മറ്റ് പല ഇതിഹാസങ്ങൾ ക്കും അവകാശപ്പെടാനില്ലാത്ത ഒരുപാട് പൊൻതൂവലുകൾ രാഹുൽ ദ്രാവിഡ് എന്ന മഹാരഥൻ്റെ തൊപ്പിയിൽ ഉണ്ട്. എല്ലാത്തിനുപരി കുംബ്ളെയും ഹർഭജനുമടക്കമുള്ള സമകാലിക ബൗളർമാർക്ക് വിക്കറ്റ് വേട്ടയിൽ നിർണായക ക്യാച്ചുകൾ എടുത്ത് ആ മേഖലയിൽ ഇന്നും ക്യാച്ചുകളുടെ ലോക റെക്കോർഡ് തീർത്ത ദ്രാവിഡ് എന്ന ലോകോത്തര ക്ലോസ് ഇൻ ഫീൽഡർ ക്യാച്ചകൾ പാഴാക്കുന്ന അവസരങ്ങൾ സംഭവിച്ചത് പോലും ആരുടേയും ഓർമ്മകളിൽ കാണാനിടയില്ല .

ദ്രാവിഡ് എന്ന ഇതിഹാസം ഒരു ജനതയുടെ യഥാർത്ഥ നായകനാണ് എന്നതിൻ്റെ തെളിവ് മുൾട്ടാൻ ടെസ്റ്റ് പറയും .വാദങ്ങൾ പലതുണ്ടാകാം .എന്നാൽ സച്ചിൻ 194 റൺസിൽ നിൽക്കെ എടുത്ത വിവാദ ഡിക്ലറേഷൻ നടത്തിയത് ദ്രാവിഡ് അല്ലാതെ മറ്റൊരു ഇന്ത്യൻ നായകൻ ആയിരുന്നുവെങ്കിൽ അയാളുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആയേനെ .എന്നാൽ കരിയറിലെ ആ ഒരേയൊരു കറുത്ത ഏട് ഉണ്ടായിട്ടു കൂടി ദ്രാവിഡിനെ ഒരു പരാതിയുമില്ലാതെ ഒരു ജനത നെഞ്ചിലേറ്റുന്നുവെങ്കിൽ ഇതിഹാസം ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാക്കിയ വികാരം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ .

എഴുതിയത് ✍️✍️

DhaneshDamodaran 💖❤️
... ജനുവരി 11 .. പ്രിയപ്പെട്ട ജാമിയുടെ ജൻമദിനം ...

ഒരു ട്രെയിൻ യാത്രയിൽ സുന്ദരിയായ ആ യുവതിയോടുള്ള അയാളുടെ പ്രണയാഭ്യർത്ഥന അത്ര മനോഹരമായിരുന്നു.  " Do you want to take a pic...
06/01/2021

ഒരു ട്രെയിൻ യാത്രയിൽ സുന്ദരിയായ ആ യുവതിയോടുള്ള അയാളുടെ പ്രണയാഭ്യർത്ഥന അത്ര മനോഹരമായിരുന്നു.

" Do you want to take a picture of this place, so that we can show our children "

ഇതുപോലെ വ്യത്യസ്തമായ ഒരു വിവാഹഭ്യർത്ഥന നിങ്ങൾക്ക് എവിടെ കാണാൻ കഴിയും? കപിൽദേവ് രാംലാൽ നിഖഞ്ജ് എന്നും വ്യത്യസ്തനായിരുന്നു .കാലഘട്ടങ്ങൾ കഴിഞ്ഞിട്ടും അയാളിലെ വ്യത്യസ്തതകൾ അയാൾക്ക് മാത്രം അവകാശപ്പെതാകുന്നു . ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകൻമാരോട് അവരുടെ ടീമിലേക്ക് ആദ്യം ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ഭൂരിഭാഗംപേരും ആദ്യം ആവശ്യപ്പെടുന്നത് ഒരു സച്ചിൻ ടെണ്ടുൽക്കറെയോ ഡൊണാൾഡ് ബ്രാഡ്മാനെയോ വിവിയൻ റിച്ചാർഡ്സിനെയോ ആയിരിക്കില്ല.

ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിലും ഒരൊറ്റ നിമിഷം കൊണ്ട് കളിയുടെ ഗതി മാറ്റാൻ കഴിയുന്ന അപൂർവ്വ ജനുസ് ഏതൊരു ക്യാപ്റ്റൻ്റെയും സ്വപ്നമായിരിക്കും. അയാളിലെ നായക മികവ് ആകട്ടെ ചോദ്യം ചെയ്യാനാവാത്ത വിധം ലോകത്തിലെ ഏതൊരു ടീമും കൊതിക്കുന്നതും.

ഒരു " സമ്പൂർണ്ണ അത്ലറ്റ് "

ഒറ്റവാക്കിൽ കപിലിനെ വിശേഷിപ്പിക്കാൻ മറ്റൊരു പദം ഇല്ല. നിർണായക നിമിഷങ്ങളിൽ അയാളിലെ രക്ഷകൻ ബൗളറായി അല്ലെങ്കിൽ ബാറ്റ്സ്മാനായി അല്ലെങ്കിൽ ഫീൽഡർ ആയി അവതരിക്കുന്ന എത്രയോ മുഹൂർത്തങ്ങളാണ് കപിൽ സമ്മാനിച്ചത് . വിഷമിച്ചാലും തങ്ങളുടെ ആരാധനാ പാത്രങ്ങളെ മറന്ന് ഏറ്റവും മികച്ചവനായി കപിലിനെ പ്രതിഷ്ഠിക്കാൻ ക്രിക്കറ്റ് പ്രേമികളെ നിർബന്ധിതനാകുന്നതും അയാളിലെ അമാനുഷിക വ്യക്തിത്വം തന്നെയാണ് .

മറ്റു ലോകോത്തര താരങ്ങളുടെ മികച്ച പ്രകടനങ്ങൾ ചോദിച്ചാൽ അധികം ബുദ്ധിമുട്ടില്ലാതെ നിങ്ങൾക്ക്പറയാൻ സാധിക്കുമ്പോൾ അവിടെയും കപിൽ നിങ്ങളെ തോൽപ്പിക്കുന്നു .കപിൽ എന്ന താരോദയം തന്നെ ഒരു മാറ്റത്തിൻ്റെ പുതിയ സൂചനയായിരുന്നു. സ്പിന്നർമാർക്ക് ഗ്രിപ്പ് കിട്ടുന്ന വിധത്തിൽ പുതിയ പന്തിനെ പരുവപ്പെടുത്തി എടുക്കാൻ മാത്രം ഓവറുകൾ എറിഞ്ഞു തീർക്കുന്ന ഇന്ത്യയിലെ മീഡിയം പേസർമാർക്ക് ഒരു ബഹുമാനവും കൊടുക്കാതിരുന്ന കാലഘട്ടത്തിൽ ഒരു ഇന്ത്യൻ പേസറെ നേരിടാൻ ചരിത്രത്തിലാദ്യമായി ഒരു ബാറ്റ്സ്മാൻ ഹെൽമെറ്റ് അണിഞ്ഞ് ഇറങ്ങി എന്നത് തന്നെ വലിയ വിപ്ലവകാമായിരുന്നു .

35 വർഷങ്ങൾ കഴിഞ്ഞിട്ടും ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളുടെ കൂട്ടത്തിൽ നിങ്ങൾ 1983ലെ സിംബാബ്വേ എതിരായ കപിലിൻ്റെ 175 റൺസ് ഇന്നിംഗ്സ് പ്രതിഷ്ഠിക്കുന്നുവെങ്കിൽ നിങ്ങൾ ശരിയായ വഴിയിൽ ആണ് നീങ്ങുന്നത്. അന്ന് 17 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഒരു ടീമിനെ കൈപിടിച്ചുയർത്തിയ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ പുറത്താകാതെ 175 റൺസ് എന്നത് ബാറ്റിംഗിൽ തീരെ വിപ്ലവം ഇല്ലാത്ത ആ കാലഘട്ടത്തിലെന്നല്ല ,ഈ കാലഘട്ടത്തിലെയും ,വരാനിരിക്കുന്ന കാലഘട്ടത്തെയും ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരിക്കുമെന്ന് നിസ്സംശയം പറയാം.

മഹാരഥന്മാർ അണിനിരന്ന ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഏകദിന ക്രിക്കറ്റിൽ ഒരു സെഞ്ചുറി ആദ്യം നേടാൻ കപിൽദേവ് വേണ്ടി വന്നു എന്നത് തന്നെ കാലഘട്ടത്തിൻ്റെ ഒരു കാവ്യനീതി ആയിരിക്കണം.

നിർണായക നിമിഷങ്ങളിൽ ടീമിനെ ബാറ്റിംഗിലൂടെ കൈപിടിച്ചുയർത്താനുള്ള കഴിവ് തന്നെയാണ് കപിലിനെ തികവുറ്റ ഒരു ബൗളിംഗ് ഓൾറൗണ്ടർ എന്ന് വിശേഷിപ്പിക്കാൻ ഏവരും മടിക്കുന്നത്. അങ്ങനെ വിശേഷിപ്പിക്കുന്നതു തന്നെ കപിലിൻ്റെ ബാറ്റിംഗ് പ്രതിഭയോടുള്ള കുറച്ചു കാട്ടലും ആയിരിക്കും.

യഥാർത്ഥത്തിൽ തൻറെ സ്വതസിദ്ധമായ ബാറ്റിംഗ് ശൈലിയെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതു മുതൽ അടുത്ത തലത്തിലേക്ക് ഉയർത്താനുള്ള എല്ലാ സാഹചര്യങ്ങളും അവസരങ്ങളും കഴിവുകളും ഉണ്ടായിട്ടും യാതൊരു മാറ്റവും വരുത്താൻ തയ്യാറാകാതെ കരിയറിലെ അവസാന മത്സരവും കളിച്ചു എന്നതാണ് ഏറ്റവും അതിശയകരം .Dhanam Cric

അല്ലെങ്കിൽ മഹാരഥന്മാരായ ബാറ്റ്സ്മാൻമാർ അണിനിരക്കുന്ന ഇന്ത്യൻ ലൈനപ്പിൽ തന്നെ ഏറ്റവും ആവശ്യം ഒരു ബൗളർ എന്ന നിലയിലാണ് എന്ന ബോധ്യമാകാം സ്റ്റംപുകളോട് കൂടുതൽ അടുപ്പം കാണിക്കാൻ കപിലിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

കപിൽദേവ് എന്ന മനുഷ്യനെ ഏത് രീതിയിൽ ഇന്ത്യൻ ക്രിക്കറ്റ് അടയാളപ്പെടുത്തും എന്ന ചോദ്യത്തിന് എങ്ങനെ ഉത്തരം പറയുമെന്നത് ഒരു സാധാരണക്കാരനെയും ക്രിക്കറ്റ് പണ്ഡിതന്മാരരെയും ഒരു പോലെ ആശയക്കുഴപ്പത്തിലെത്തിക്കും . ബാറ്റ്സ്മാന്മാരും സ്പിന്നർമാരും അരങ്ങുവാഴുന്ന പേസ് ബൗളിങ്ങിനെ തീരെ പിന്തുണക്കാത്ത ഇന്ത്യയിലെ വരണ്ട പിച്ചുകളിൽ എറിഞ്ഞു തളർന്ന ഒരാൾ ഒരു തരത്തിലും പേസ് ബൗളിങ്ങിന് സാഹചര്യമില്ലാത്ത ഒരു നാട്ടിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച വേട്ടക്കാരൻ ആക്കുക എന്നത് അക്കാലത്ത് ഒരു സാധാരണ ക്രിക്കറ്റ് പ്രേമിയുടെ വന്യമായ സ്വപ്നങ്ങളിൽ പോലും ഉണ്ടാകാനിടയില്ലായിരുന്നു .


കപിലിൻ്റെ അരങ്ങേറ്റം കഴിഞ്ഞിട്ട് 40 വർഷം കഴിഞ്ഞിട്ടും, അദ്ദേഹം വിരമിച്ച് 25 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ പേസ് ബൗളിംഗ് ഇപ്പോഴും അതിൻ്റെ ബാലാരിഷ്ഠ തിയിലാണെന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് "ഹരിയാന ഹരിക്കൈൻസ് " ഒരു അത്ഭുതമാകുന്നത്.

ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയാർന്ന പേസർമാരുടെ ഇടയിൽ കപിൽദേവ് ഇല്ലായിരിക്കാം. എന്നാൽ കളിക്കളത്തിലെ പോരാട്ടവീര്യവും, കൗശലവും ,ആത്മസമർപ്പണവും അതിനെല്ലാമുപരി പറയുന്ന കണക്കുകളും തന്നെയാണ് ലോകക്രിക്കറ്റിൽ മറ്റൊർക്കും സാധിക്കാത്ത നേട്ടങ്ങൾ കപിലിനെ തേടിയെത്തിയതും . ഒരേ സമയം 2 ഫോർമാറ്റുകളിലും ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ ആകുക എന്ന ബഹുമതിയുടെ സൂക്ഷിപ്പുകാരൻ ആദ്യം ആകാൻ പറ്റിയത് ഒരേയൊരു കപിലിന് തന്നെയായിരുന്നു .

ഒരുപക്ഷേ കപിലിൻ്റെ കരിയറിലെ 95% കളികളിലും കപിൽ എന്ന മനുഷ്യൻ ഒന്നുകിൽ പന്ത് കൊണ്ട് അല്ലെങ്കിൽ ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിൻറെ ഭാഗഭാക്ക് ആയിരുന്നു . ഒരു കളിക്കാരൻ ഒരു രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കുക ,കൂടാതെ ലോക ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടി ചരിത്രം സൃഷ്ടിക്കുക, അതിനൊക്കെ പുറമേ ഒരു രാജ്യത്തിൻറെ ചരിത്രം മാറ്റിയെഴുതിയ ക്യാച്ച് എടുക്കുക . ശൂന്യതയിൽനിന്ന് ഒരു രാജ്യത്തിന് അപ്രതീക്ഷിതമായ ഒരു ലോകകപ്പ് വിജയം നേടിക്കൊടുത്ത് ഗെയിമിൽ രാജ്യത്തിൻറെ പുതുതലമുറയ്ക്ക് പ്രചോദനമാകാൻ മാറ്റുക .കപിൽദേവിൻ്റെ നാൾവഴികൾ ഏതൊരാൾക്കും പ്രചോദനമാണ്.

1983 ലോകകപ്പിലെ നിർണായകമായ 175 റൺ ,കരിയറിൻ്റെ അവസാന കാലത്ത് ആത്മസമർപ്പണത്തിന് ക്രിക്കറ്റ് തിരിച്ചു നൽകിയ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരൻ എന്ന റെക്കോർഡ്, 1983 ഫൈനലിൽ വിവിയൻ റിച്ചാർഡ്സ് എന്ന ചെയ്യുന്ന കാളക്കൂറ്റനെ 30 വാര പിറകോട്ടോടി അവിശ്വസനീയ കാച്ചെടുത്ത് ടീമിൻറെ ലോകകപ്പ് വിജയത്തിൽ നിർണായകമാവുക .

ആ കപ്പ് കപിലിൻ്റ മാത്രം ലോകകപ്പ് ആയിരുന്നു .ആ ലോകകപ്പിലെ 8 മാച്ചുകളിൽ 303 റൺസ്, 12 വിക്കറ്റ്, 7 ക്യാച്ചുകൾ. .എല്ലാരീതിയിലും വിശ്വ വിജയികളുടെ യഥാർത്ഥ നായകൻ അയാൾ തന്നെയായിരുന്നു .ലോകകപ്പു കളുടെ ഇന്നോളമുള്ള ചരിത്രം എടുത്താൽ കപിലിനെ പോലൊരു ഓൾറൗണ്ട് പ്രകടനം നടത്തിയ ഒരു നായകനെ മഷിയിട്ടു നോക്കിയാൽ പോലും കാണാൻ സാധിക്കില്ല . ഒരു പക്ഷേ ഇനി ഒരിക്കലും കണ്ടില്ലെന്നും വരും.

ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർ റേറ്റഡ് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് കപിൽ എന്നു പറയേണ്ടി വരും . ഏതു പ്രതിസന്ധി ഘട്ടത്തിലും ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന തത്വത്തിൽ വിശ്വസിച്ചിരുന്ന കപിൽ ഒരിക്കലും തൻറെ മേലെ ബൗളർമാർക്ക് മേധാവിത്തം അനുവദിക്കാറില്ലായിരുന്നു . ടെൻ്റ് ബ്രിഡ്ജിൽ 17 റൺസിന് അഞ്ചു വിക്കറ്റുകളും 78 റൺസിന് 7 വിക്കറ്റുകളും വീണപ്പോഴും ആറാമനായി എത്തിയ 24കാരൻ നായകൻ ടീമിനെ എട്ടു വിക്കറ്റിന് 266 ലെത്തിച്ചപ്പോൾ 175 റൺ നേടാൻ 138 പന്തുകൾ മാത്രമേ എടുത്തുള്ളു . 16 ഫോറുകളും 6 സിക്സറുകളും അലങ്കരിച്ച ആ അത്ഭുത ഇന്നിങ്സിന് ചരിത്രത്തിൽ പകരം വെക്കാൻ മറ്റൊരിന്നിങ്ങ്സില്ല താനും . പിന്നീട് ഇന്ത്യക്കാരുടെതടക്കം ഇരട്ടസെഞ്ചുറികളുടെ വലിയ മഴ തന്നെ കണ്ടിട്ടും കപിലിൻ്റെതിന് പകരം വയ്ക്കാൻ മറ്റൊരു ഇന്നിംഗ്സിനും ഇതുവരെ കഴിഞ്ഞിട്ടില്ല .ടീം തകരുമ്പോഴും കപിൽ എതിർ പാളയത്തിലേക്ക് പട നയിക്കുകയായിരുന്നു. സന്ദർഭവും ,സാഹചര്യവും ,പ്രതിസന്ധി ഘട്ടവും കണക്കിലെടുക്കുമ്പോൾ അവിശ്വസനീയം എന്നേ അതിനെ വിശേഷിപ്പിക്കാൻ പറ്റൂ .

7 വർഷത്തിനു ശേഷം 1990ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ഫോളോ ഓൺ ഒഴിവാക്കാൻ 24 റൺസ് വേണ്ടിയിരുന്നപ്പോൾ പതിനൊന്നാമൻ നരേന്ദ്ര ഹിർവാനിയെ എതിർ ബൗളർമാർക്ക് ബലി നൽകാതെ സംരക്ഷിച്ച് എഡ്ഢി ഹെമ്മിങ്സിനെ തുടർച്ചയായി 4 സിക്സർ പറത്തി ലോകത്തെ ഞെട്ടിച്ച കപിലിൻ്റേത് ഒരു പ്രതികാരം കൂടിയായിരുന്നു .1983 ൽ വിശ്വ വിജയിയായ കപിൽ തുടർച്ചയായ രണ്ടാം ലോകകപ്പ് വിജയത്തിന് വളരെ അരികിലെത്തിയതായിരുന്നു.

ആ സെമിഫൈനലിൽ 5 വിക്കറ്റ് കൈയിലിരിക്കെ 87 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ക്രീസിൽ കപിൽ നിൽക്കുമ്പോൾ ഇന്ത്യൻ വിജയമുറപ്പിച്ചതായിരുന്നു .എന്നാൽ അന്ന് ഹെമ്മിങ്ങ്സിൻ്റെ പന്തിലണ് കപിൽ പുറത്തായത്. ആ ഒരൊറ്റ വിക്കറ്റ് വീണതോടെ ഇന്ത്യ പരാജയം സമ്മതിച്ചത് പോലെയാണ് പിന്നീട് കളിച്ചത് .ക്രിക്കറ്റിൽ ഒരു ശക്തിയേ അല്ലായിരുന്ന ഇന്ത്യയ്ക്ക് ഒരു ലോക കിരീടം സമ്മാനിച്ചതിന് തൊട്ടു പിന്നാലെ അടുത്ത ലോകകപ്പിൽ സെമിഫൈനലിൽ എത്തിച്ച വിശ്വനായകനെ പക്ഷെ ബലിയാടാക്കി നായക സ്ഥാനത്തുനിന്നും ഒഴിവാക്കുകയാണ് അദ്ദേഹത്തിന് ഇന്ത്യൻ ക്രിക്കറ്റ് സമ്മാനമായി നൽകിയത്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി മുപ്പത്തിനാലാം വയസ്സിൽ അരങ്ങൊഴിയുമ്പോഴും മാന്യമായ ഒരു യാത്ര അന്നും ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ക്രിക്കറ്റിൻ്റെ എത് ഫോർമാറ്റിലാണ് മികച്ചവനെന്നതിനെപ്പറ്റി മറ്റുള്ളവരിൽ നിരന്തരം ആശയക്കുഴപ്പം ഉണ്ടാക്കുക എന്ന അവസ്ഥാവിശേഷവും കൂടി കപിൽ സൃഷ്ടിക്കുകയുണ്ടായി .


കപിൽ അരങ്ങൊഴിഞ്ഞ് 25 വർഷങ്ങൾ കഴിഞ്ഞിട്ടും, ലോക ക്രിക്കറ്റിൽ ഓൾറൗണ്ടർ മാരുടെ ഒരു കുത്തൊഴുക്ക് ഉണ്ടായിട്ടും, ടെസ്റ്റിൽ 5000 റൺസും 400 വിക്കറ്റും തികക്കാൻ പറ്റിയത് മറ്റൊരാൾ ജനിച്ചിട്ടില്ല .എന്തിന് 4000 റൺസും 400 വിക്കറ്റ് പോലും കപിലിന് മാത്രം സ്വന്തമായ നേട്ടം . പൊള്ളോക്കും വെട്ടോറിയും അടുത്തെത്തും എന്ന് തോന്നിച്ചെങ്കിലും കപിലിനൊപ്പം ഉയരത്തിൽ പറക്കാൻ അവരുടെ ചിറകുകൾക്ക് ശക്തിയില്ലായിരുന്നു .

184 ഇന്നിംഗ്സുകളിൽ ഒരിക്കൽപോലും റണ്ണൗട്ടായി ഇല്ല എന്നത് അത്ഭുതകരമായ ഒരു കണക്ക് തന്നെയാണ്. പ്രത്യേകിച്ച് ആ റെക്കോർഡിനടുത്തു പോലും മറ്റൊരാളെ കാണാൻ കൂടി പറ്റാത്ത സ്ഥിതിക്ക് . വെറും ഇരുപത്തിയൊന്നാം വയസ്സിൽ 1000 റൺസും 100 വിക്കറ്റും നേടി അപൂർവ ഡബിൾ തികച്ച കപിലിന് പരിക്ക് കാരണം ഒരു ടെസ്റ്റ് പോലും നഷ്ടപ്പെട്ടിട്ടില്ല എന്നത് അദ്ദേഹത്തിൻറെ കായിക ക്ഷമതയുടെ ഉദാഹരണമാണ്. മെൽബണിൽ കലശലായ പനിക്കിടയിലും കാഴ്ച വെച്ച ബൗളിങ് സ്പെൽ മറക്കാൻ പറ്റില്ല .

1990 ആസ്ട്രേലിയക്കെതിരെ തോൽവി ഒഴിവാക്കി സമനില സമ്മാനിച്ച 138 പന്തിൽ നേടിയ 119 റൺസിൻ്റെയും 1992ലെ ഇന്ത്യൻ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിങസ്സിൽ 180 പന്തിൽ നേടിയ 129 റൺസിൻ്റെ അതിമനോഹരമായ സെഞ്ചുറി എന്നിവയുടെയൊക്കെ വില ഇടാൻ പോയാൽ കുഴങ്ങിപ്പോകും .അലൻ ഡൊണാൾഡ് മാരക ഫോമിൽ പന്തെറിഞ്ഞ മാച്ചിൽ പുകൾ പെറ്റ ഇന്ത്യൻ ബാറ്റിങ്ങ് നിരയിൽ മറ്റൊരാൾക്ക് പോലും 17 റൺസിൽ കൂടുതൽ നേടാൻ പറ്റിയിരുന്നില്ല .സത്യത്തിൽ കപിൽ തൻ്റെ ബാറ്റിങ്ങിനോട് നീതി പുലർത്തിയിരുന്നെങ്കിൽ എന്ന് ആലോചിച്ച് പോകാറുണ്ട് .

വരണ്ട ഏഷ്യൻ പിച്ചുകളിലായിരുന്നു കപിലിൻ്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളും സംഭവിച്ചതെന്നത് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു . പാകിസ്ഥാനെതിരെ 1980 ൽ ചിദംബരം സ്റ്റേഡിയത്തിൽ കാഴ്ച വെച്ച 7/56 ,1983 ൽ ഇഖ്ബാൽ സ്റ്റേഡിയത്തിലെ 7/220, 1983 ൽ ഗദ്ദാഫി സ്റ്റേഡിയത്തിലെ 8/85, 1983 ൽ തന്നെ അഹമ്മദാബാദിൽ കരുത്തരായ വിൻഡീസിനെതിരായ 9/83 എന്നി പ്രകടനങ്ങളൊക്കൊ ഏഷ്യൻപിച്ചുകളിൽ കപിലിനല്ലാതെ ആ കാലഘട്ടത്തിൽ മറ്റൊരാൾക്കും സാധിച്ചിട്ടില്ലായിരുന്നു. 1985 ൽ അഡലെയ്ഡിൽ ആസ്ട്രേലിയക്കെതിരായ 8/85 പ്രകടനമൊക്കൊ ഒരു ഇന്ത്യൻ ബൗളർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത പ്രകടനമായിരുന്നു .

തൻ്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച വെടിക്കെട്ടുകാരനായ കപിൽ അക്കാര്യത്തിൽ വിവിയൻ റിച്ചാർഡ് സിനെപ്പോലും കടത്തി വെട്ടിയിരുന്നു .എല്ലാവരും കപിലിൻ്റെ 175 റൺസിൻ്റെ കഥ പറയുമ്പോൾ അതിനും 5 മത്സരങ്ങൾക്കു മുൻപ് വെസ്റ്റ് ഇൻഡീസിനെതിരെ വെറും 38 പന്തിൽ കപിൽ നേടിയ 72 റൺസിൻ്റെ പ്രകടനം പലർക്കുമറിയില്ല .1982 ൽ കപിലിൻ്റെ തുടർച്ചയായ 5 ടെസ്റ്റ് ഇന്നിങ്ങ്സുകൾ ഇങ്ങനെ ആയിരുന്നു.98 പന്തിൽ 116 ,69 പന്തിൽ 41,55 പന്തിൽ 89 ,55 പന്തിൽ 65,93 പന്തിൽ 97 !!

2019 ലോകകപ്പ് ഇന്ത്യ ജയിച്ചാൽ താൻ ഷർട്ടൂരി ഓടും എന്ന് പറഞ്ഞ് കപിൽ അന്നും ഇന്നും തന്നിലെ ദേശസ്നേഹം അതുപോലെ പിന്തുടർന്നു. ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനൻ്റ് കേണൽ ആയി സേവനമനുഷ്ഠിച്ച കപിലിനെതിരെ മനോജ് പ്രഭാകർ കോഴ ആരോപണം ഉന്നയിച്ച് അപഹാസ്യനായപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മാന്യനായ കപിൽ പൊട്ടിക്കരയുകയായിരുന്നു .പക്ഷെ അതിനേക്കാൾ ഉച്ചത്തിൽ കരഞ്ഞത് ക്രിക്കറ്റ് പ്രേമികളായിരുന്നു . 2002 ൽ ഗാവസ്കറിനും സച്ചിനും മേലേ ക്രിക്കറ്റർ ഓഫ് സെഞ്ചുറി അവാർഡ് നേടിയത് കപിലിനുള്ള യഥാർത്ഥ അംഗീകാരം തന്നെയായിരുന്നു.

വായുവിൽ ഉയർന്ന് തല ഇടത്തോട്ടു ചെരിച്ച് പന്തുകൾ സ്റ്റംപിന് വർഷിക്കുന്ന കപിലിൻ്റെ ആക്ഷനെപ്പോലെ സുന്ദരമായ മറ്റെന്ത് കാഴ്ചയാണുള്ളത് ? കപിൽ സമ്മാനിച്ച കാഴ്ചകൾ ഒരു തലമുറയെ ഉണ്ണാതെ ,ഉറങ്ങാതെ ക്രിക്കറ്റിനെ മാത്രം മനസിൽ കൊണ്ടു നടക്കാൻ പ്രേരിപ്പിച്ചത് ലക്ഷക്കണക്കിന് യുവതയെ ആയിരുന്നു .

ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ചവനാര് എന്നതിന് നിങ്ങളുടെ ഉത്തരങ്ങൾ പലതായിരിക്കാം .എന്നാൽ ശാരീരികക്ഷമത, കഠിനാധ്വാനം, ആത്മസമർപ്പണം വരുംതലമുറക്ക് പ്രചോദനം നൽകൽ ,ശൂന്യതയിൽ നിന്നും തൻ്റെ മികവ് കൊണ്ട് രാജ്യത്തിന് വിശ്വകിരീടം സമ്മാനിക്കുക, കളിയുടെ 3 മേഖലകളിലും ഒരുപോലെ മിന്നിത്തിളങ്ങുക . ഇതൊക്കെയാണ് ഒരു മനുഷ്യനെ ഗെയിമിലെ മഹാൻ ആക്കുന്നതെങ്കിൽ കപിൽ എന്ന മനുഷ്യനോളം വലിയ ഇതിഹാസം വേറെ ഇല്ല എന്ന് തുറന്നു സമ്മതിക്കേണ്ടിവരും.

ഇന്നത്തെ T20 യുഗത്തിലാണ് കളിച്ചിരുന്നത് കപിൽ എന്ന ലോകം കണ്ട ഏറ്ററും മികച്ച ഓൾറൗണ്ടറുടെ മൂല്യം എന്തായിരിക്കുമെന്ന് ഊഹിക്കാൻ പോലും പറ്റില്ല .നഷ്ടം ക്രിക്കറ്റിന് തന്നെയാണ് .എന്നാൽ ഒരു കണക്കിന് ഈ യുഗത്തിൽ കളിക്കാത്തത് നന്നായി എന്ന് പറയേണ്ടിവരും. കാരണം വിലയിടാൻ പറ്റാത്ത കപിലിന് വിലയിടാൻ ശ്രമിച്ചു ഫ്രാഞ്ചൈസികൾ അപഹാസ്യരാകുന്ന കാഴ്ചയെക്കാൾ ദയനീയം വേറൊന്നും ഇല്ലല്ലോ......

....... പ്രിയപ്പെട്ട കപിൽ പാജിക്ക് ഒരായിരം ജൻമദിനാശംസകൾ.....

എഴുതിയത് ✍️✍️
DhaneshDamodaran 💖❤️

Address

Kanakappalam
Erumely
686509

Website

Alerts

Be the first to know and let us send you an email when Scube Super Sixes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share